കൊച്ചി : ആലപ്പുഴ മുൻ ഡിവൈഎസ്പി മധു ബാബുവിനെതിരെ പരാതിയുമായി സിനിമ നിർമാതാവ് ഷീല കുര്യന് ഹൈക്കോടതിയെ സമീപിച്ചു.മധു ബാബു മോശമായി പെരുമാറുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തുവെന്നുമാണ് പരാതി. ഹർജിയിൽ ജസ്റ്റീസ് ജി.ഗിരീഷ് സംസ്ഥാന പോലീസ് മേധാവിയടക്കമുള്ളവരോടു വിശദീകരണം തേടി. ഒരുമാസത്തിനകം മറുപടി സമർപ്പിക്കണം. മധു ബാബുവിനും ഹൈക്കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. നവംബർ 13നു കേസ് വീണ്ടും പരിഗണിക്കും.
2021ൽ തന്റെ പക്കൽ നിന്ന് ആലപ്പുഴ സ്വദേശി 15 ലക്ഷം രൂപ കടമായി വാങ്ങുകയും പല തവണ ആവശ്യപ്പെട്ടിട്ടും ഇത് തിരികെ തന്നില്ലെന്നുമുള്ള ഷീല കുര്യന്റെ പരാതിയാണ് കേസിനാസ്പദം.തുടർച്ചയായി ആലപ്പുഴ സ്വദേശിയെ ബന്ധപ്പെട്ടെങ്കിലും ഇയാൾ പണം നൽകാൻ തയ്യാറായില്ല. തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആലപ്പുഴ സ്വദേശിയുടെ ഭാര്യ തന്നെ ഫോണിൽ വിളിച്ച് മോശമായി പെരുമാറിയെന്ന് ഷീല കുര്യൻ പറയുന്നു.
പിറ്റേന്ന് തന്നെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. തുടർന്ന് രണ്ടാഴ്ചയ്ക്കു ശേഷം ഡിവൈഎസ്പി മധു വിളിപ്പിച്ചെന്ന് ഷീല കുര്യൻ പറയുന്നു. സ്റ്റേഷനിൽ ആലപ്പുഴ സ്വദേശിയും അയാളുടെ സഹായിയും ഹാജരായിരുന്നു. ഇവരുടെ മുൻപിൽ വെച്ച് തന്റെ പരാതി കേൾക്കുന്നതിനു പകരം മോശം വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുകയും അശ്ലീലമായ രീതിയിൽ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തെന്നാണ് ഷീലയുടെ പരാതി.
തുടർന്ന് മധു ബാബുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ഒടുവിൽ മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി അടക്കമുള്ളവർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് താൻ കോടതിയെ സമീപിച്ചതെന്ന് ഷീല കുര്യൻ പറയുന്നു.