

തിരുവനന്തപുരം: സിനിമാ സംഘടനകൾ നാളെ പ്രഖ്യാപിച്ചിരുന്ന സംസ്ഥാനവ്യാപക സൂചനാ സമരം മാറ്റിവെച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ച വിജയകരമായതിനെത്തുടർന്നാണ് തീരുമാനം. വിനോദ നികുതി കുറയ്ക്കുന്നതടക്കമുള്ള പ്രധാന ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതായി സംഘടനകൾ അറിയിച്ചു.
നിലവിലുള്ള 8 ശതമാനം വിനോദ നികുതി 4 ശതമാനമാക്കി കുറയ്ക്കുന്ന കാര്യം ധനമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകി. നികുതി പൂർണ്ണമായും ഒഴിവാക്കണമെന്നായിരുന്നു സംഘടനകളുടെ പ്രാഥമിക ആവശ്യമെങ്കിലും പകുതിയാക്കി കുറയ്ക്കാനുള്ള നീക്കത്തെ അവർ സ്വാഗതം ചെയ്തു.
സിനിമ ടിക്കറ്റിൽ നിന്ന് ഈടാക്കുന്ന തുക ക്ഷേമനിധിയിലേക്ക് എത്തുന്നുണ്ടെങ്കിലും ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കും. തിയേറ്ററുകളുടെ വൈദ്യുതി നിരക്ക് സംബന്ധിച്ച പ്രശ്നങ്ങൾ റെഗുലേറ്ററി ബോർഡുമായി ചർച്ച ചെയ്യും. തിയേറ്റർ ലൈസൻസ് പുതുക്കുന്നതിലെ നൂലാമാലകൾ ഒഴിവാക്കാനും ഷൂട്ടിംഗിന് ഏകജാലക സംവിധാനം ഏർപ്പെടുത്താനും തീരുമാനമായി.
മന്ത്രിയുടെ ഭാഗത്ത് നിന്ന് അനുഭാവപൂർവ്വമായ സമീപനമാണ് ഉണ്ടായതെന്ന് ഫിലിം ചേംബർ പ്രതിനിധികൾ പറഞ്ഞു. നാളെ സിനിമ പ്രദർശനങ്ങളോ ഷൂട്ടിംഗോ തടസ്സപ്പെടില്ലെന്നും സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും പതിവുപോലെ പ്രവർത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.