കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ എന്‍ കെ പ്രേമചന്ദ്രന് എംപിക്കെതിരെ പരാതി നല്കി ബിന്ദു അമ്മിണി. കൊയിലാണ്ടി പോലീസിനാണ് ബിന്ദു അമ്മിണി പരാതി നൽകിയത്.എന്‍ കെ പ്രേമചന്ദ്രന്റേത് തെറ്റായതും അധിക്ഷേപകരവുമായ പ്രസ്താവനയാണെന്ന് പരാതിയില്‍ പറയുന്നു.
പൊറോട്ടയും ബീഫും നൽകി രഹന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിൽ എത്തിച്ച പിണറായി സർക്കാർ വിശ്വാസത്തെ വികലമാക്കി എന്നും അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പും ആൾക്കാരുമാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തിയത് എന്നുമായിരുന്നു എൻ.കെ. പ്രേമചന്ദ്രന്റെ പ്രസ്താവന. ഈ പ്രസ്താവന തെറ്റാണെന്നും അധിക്ഷേപകരം ആണെന്നും തന്റെ അന്തസിനും പ്രശസ്തിക്കും കളങ്കം വരുത്തുന്നതാണെന്നും ബിന്ദു അമ്മിണി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
തന്റെ അന്തസ്സിനും പ്രശസ്തിക്കും കളങ്കം വരുത്തുന്നതാണ് പ്രസ്താവന. പാലയിലെ ഗസ്റ്റ് ഹൗസിലോ കോട്ടയം പൊലീസ് ക്ലബിലോ പോയിട്ടില്ലെന്നും തന്റെ പേരിനൊപ്പം രഹന ഫാത്തിമയുടെ പേര് ചേര്‍ത്തു പറഞ്ഞത് ഒരു മുസ്ലിം വനിതയുടെ പേര് തന്റെ പേരിനൊപ്പം ചേര്‍ക്കണമെന്ന ദുരുദ്ദേശത്തോടെയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
എംപിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ താൻ വലിയ രീതിയിലുള്ള അധിക്ഷേപങ്ങളും സോഷ്യൽ മീഡിയ ആക്രമണവും നേരിടുന്നു.മതസൗഹാർദ്ദം തകർക്കുക കൂടി ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്റെ പരാമർശം, ഷെഡ്യൂൾഡ് കാസ്റ്റിൽ പെട്ട ഒരാളെ കരുതിക്കൂട്ടി അപമാനിക്കുക എന്നൊരു ഉദ്ദേശവും അദ്ദേഹത്തിൻറെ വാക്കുകൾക്കുണ്ടെന്നും ബിന്ദുവിന്റെ പരാതിയിലുണ്ട്.