
2025 സെപ്റ്റംബർ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 533576.64 കോടി രൂപയായി ഉയർന്നു. 1644.17 കോടി രൂപയാണ് പ്രവർത്തന ലാഭം. അറ്റാദായം 955.26 കോടി രൂപയാണ്.
“ഫെഡറൽ ബാങ്കിൽ ഞാൻ എത്തിയിട്ട് ഒരു വർഷത്തിലധികമായി. ബാങ്ക് ഇന്ന് എവിടെയെത്തിയിരിക്കുന്നു എന്നും ഏതു ദിശയിലേക്കാണ് മുന്നേറുന്നതെന്നും എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. അടിത്തറ ശക്തമാക്കാനും ഭാവി കെട്ടിപ്പടുക്കാനും ഉതകുന്ന തരത്തിലുള്ള പല നൂതന ആശയങ്ങളും കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞങ്ങൾ നടപ്പിലാക്കിവരികയാണ്. അതിന്റെ ഫലം ദൃശ്യമാവാൻ തുടങ്ങിക്കഴിഞ്ഞു,” ബാങ്കിന്റെ എംഡിയും സി ഇ ഒയുമായ കെ വി എസ് മണിയൻ പറഞ്ഞു.
ഇടപാടുകാർക്ക് ബാങ്കിലുള്ള വിശ്വാസത്തിന്റെയും ഞങ്ങളുടെ ടീമിന്റെ പ്രവർത്തനമികവിന്റെയും തെളിവെന്ന നിലയിൽ ബാങ്കിന്റെ കറന്റ് - സേവിംഗ്സ് അക്കൗണ്ട് ബിസിനസ് സുസ്ഥിരവും അർത്ഥപൂർണവുമായ വളർച്ച കൈവരിച്ചുകഴിഞ്ഞു. വിവേകപൂർവവും കണക്കുകൂട്ടിയുള്ളതുമായ നടപടികളിലൂടെ മിഡ് യീൽഡ് വിഭാഗങ്ങളിൽ ശ്രദ്ധകൊടുത്തുകൊണ്ട് വായ്പകളിലെ വൈവിധ്യവത്കരണം ഞങ്ങൾ തുടരുകയാണ്. വരുമാനത്തിൽ വ്യാപ്തിയ്ക്കും നിശ്ചയദാർഢ്യതയ്ക്കും ഉള്ള പ്രാധാന്യത്തിന് അടിവരയിട്ടുകൊണ്ട് ഫീ വരുമാനം രണ്ടക്ക വളർച്ച കൈവരിച്ചു.
സമതുലിതമായ വളർച്ചയും വിവേകപൂർണമായ റിസ്ക് മാനേജ്‌മെന്റും ഒത്തുചേർന്നപ്പോൾ ആസ്തിഗുണമേന്മ പതിവുപോലെ മികച്ചതായി. ചടുലമായി തീരുമാനങ്ങളെടുക്കുന്ന, അച്ചടക്കത്തോടെ നടപടികൾ സ്വീകരിക്കുന്ന, സ്ഥിരതയിലും മൂല്യങ്ങളിലും ഊന്നുന്ന ഒരു സ്ഥാപനമായി ഫെഡറൽ ബാങ്കിനെ മാറ്റുക എന്നതാണ് ഞങ്ങളുടെ മുന്നോട്ടുള്ള കാഴ്ചപ്പാട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ബാങ്കിന്റെ മൊത്തം ബിസിനസ് 6.84 ശതമാനം വര്‍ധിച്ച് 533576.64 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തിൽ 269106.59 കോടി രൂപയായിരുന്ന നിക്ഷേപം 7.36 ശതമാനം വർദ്ധനവോടെ 288919.58 കോടി രൂപയായി.
വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 2,30,312.24 കോടി രൂപയില്‍ നിന്ന് 2,44,657.06 കോടി രൂപയായി വര്‍ധിച്ചു. 6.23 ശതമാനമാണ് വളർച്ചാനിരക്ക്.
മൊത്തവരുമാനം 3.75 ശതമാനം വര്‍ധനയോടെ 7824.33 കോടി രൂപയിലെത്തി. ഫീ വരുമാനം 13 ശതമാനം വർദ്ധനവോടെ 885.54 കോടി രൂപയായി. 4532.01 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.83 ശതമാനമാണിത്. അറ്റനിഷ്‌ക്രിയ ആസ്തി 1165.16 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.48 ശതമാനമാണിത്. 73.45 ശതമാനം ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 34819.84 കോടി രൂപയായി വര്‍ധിച്ചു. 15.71 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവിൽ 1595 ബാങ്കിംഗ് ഔട്ട് ലെറ്റുകളും 2082 എടിഎം / സിഡിഎമ്മുകളുമുണ്ട്.