കാൻസർ ബാധിതരുടെ സഹായത്തിനായി കാരിത്താസ് ആശുപത്രിയുമായി സഹകരിച്ച് ഫെഡറല്‍ ബാങ്ക്

കാൻസർ ബാധിതരുടെ സഹായത്തിനായി കാരിത്താസ് ആശുപത്രിയുമായി സഹകരിച്ച് ഫെഡറല്‍ ബാങ്ക്
Published on

കൊച്ചി: കാൻസർ അവബോധവും ചികിത്സാസഹായവും സംയോജിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്ന സിഎസ്ആര്‍ പദ്ധതിയായ സഞ്ജീവനിയ്ക്ക് കീഴിൽ, കാരിത്താസ് ഹോസ്പിറ്റല്‍ ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസുമായി ഫെഡറൽ ബാങ്ക് ധാരണാ പത്രം ഒപ്പു വെച്ചു. ഇതുപ്രകാരം, കാരിത്താസ് ആശുപത്രിയുടെ ഗുണഭോക്തൃ പിന്തുണാ ഫണ്ടിനായി ഫെഡറല്‍ ബാങ്ക് ഒരു കോടി രൂപ സംഭാവന നല്‍കും. ബാങ്കിന്റെ കോട്ടയം സോണല്‍ മേധാവിയും വൈസ് പ്രസിഡന്റുമായ നിഷ കെ ദാസ് കാരിത്താസ് ആശുപത്രി ഡയറക്‌റും സിഇഒയുമായ ഫാ. ഡോ. ബിനു കുന്നത്തുമായി ഇതുസംബന്ധിച്ച ധാരണാപത്രം കൈമാറി. ബാങ്കിന്റെ കോട്ടയം റീജണല്‍ മേധാവിയും വൈസ് പ്രസിഡന്റുമായ കെ ടി ജയചന്ദ്രന്‍, കോട്ടയം സോണല്‍ ഓഫിസ് എച്ച്ആര്‍ വിഭാഗം അസി. വൈസ് പ്രസിഡന്റ് നെബിന്‍ വി ജോസ്, ബാങ്കിൻെറ തെള്ളകം ബ്രാഞ്ച് മേധാവിയും സീനിയര്‍ മാനേജറുമായ ആര്‍ അനുലക്ഷ്മി, ജിതിന്‍ ജെയിംസ് എന്നിവര്‍ ചടങ്ങിൽ സംബന്ധിച്ചു. കാരിത്താസ് ആശുപത്രിയെ പ്രതിനിധീകരിച്ച് സീനിയര്‍ മെഡിക്കല്‍ ഓങ്കോളജി കണ്‍സള്‍ട്ടന്റും കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കോഡിനേറ്ററുമായ ഡോ. ബോബന്‍ തോമസ്, ഫിനാന്‍സ് എച്ച്ഒഡി സിസ്റ്റര്‍ ഡോളി ജോസഫ്, ഫിനാന്‍സ് എജിഎം ഇ വി ജ്യോതിഷ് കുമാര്‍, ഓപറേഷന്‍സ് അസിസ്്റ്റന്റ് മാനേജര്‍ തോമസ് സാമുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സാമ്പത്തികമായി ദുര്‍ബല വിഭാഗത്തില്‍ പെട്ട കാന്‍സര്‍ ബാധിതരുടെ ചികിത്സയ്ക്കാണ് ഫണ്ട് വിനിയോഗിക്കുക. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 787 കാന്‍സര്‍ രോഗികകള്‍ക്കാണ് കാരിത്താസ് ആശുപത്രിയില്‍ സഞ്ജീവനി പദ്ധതിയിലൂടെ സഹായം നല്‍കിയത്.

മാരകരോഗങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സമൂഹത്തിനു പിന്തുണ നല്‍കാന്‍ ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഫെഡറല്‍ ബാങ്ക് പ്രതിജ്ഞാബദ്ധരാണെന്ന് ബാങ്കിന്റെ വൈസ് പ്രസിഡന്റും കോട്ടയം സോണല്‍ മേധാവിയുമായ നിഷ കെ ദാസ് പറഞ്ഞു. ഏറ്റവും ആവശ്യമുള്ളവര്‍ക്ക് ഗുണമേന്‍മയുള്ള ആരോഗ്യ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കാരിത്താസ് ആശുപത്രിയുമായുള്ള സഹകരണം സഹായകമാകും. നൂറു കണക്കിനു രോഗികള്‍ക്ക് ഇതിനകം തന്നെ പദ്ധതി ഗുണം ചെയ്തതായും നിഷ കെ ദാസ് ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com