സൈബർ തട്ടിപ്പിനെതിരെ ഫെഡറൽ ബാങ്ക്; സി എസ് ആർ സംരംഭമായ 'ട്വൈസ് ഈസ് വൈസ്' രണ്ടാം ഘട്ടത്തിനു തുടക്കമായി

സൈബർ തട്ടിപ്പിനെതിരെ ഫെഡറൽ ബാങ്ക്; സി എസ് ആർ സംരംഭമായ 'ട്വൈസ് ഈസ് വൈസ്' രണ്ടാം ഘട്ടത്തിനു തുടക്കമായി
Published on

കൊച്ചി: വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർക്രൈം കോഡിനേഷൻ സെന്ററിന്റെ (ഐ4സി) സഹകരണത്തോടെ ഫെഡറൽ ബാങ്കിൻ്റെ സി എസ് ആർ സംരംഭമായി നടത്തുന്ന 'ട്വൈസ് ഈസ് വൈസ്' രാജ്യവ്യാപക പ്രചാരണ പരിപാടിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. മുബൈയിൽ നടന്ന ചടങ്ങിൽ സംസ്ഥാന സൈബർ സെൽ ഡിഐജി സഞ്ജയ് ഷിന്ദ്രേ ഐപിഎസ്, ഇന്ത്യൻ സൈബർക്രൈം കോഡിനേഷൻ സെന്റർ ഡയറക്ടർ നിഷാന്ത് കുമാർ, ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ കെ വി എസ് മണിയൻ, എക്സിക്യൂട്ടീവ് ഡയറക്ടർ വെങ്കട്ടരാമൻ വി, സീനിയർ വൈസ് പ്രസിഡന്റും ഇന്റേണൽ വിജിലൻസ് മേധാവിയുമായ ബിൻസി ചെറിയാൻ, ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം വി എസ് മൂർത്തി, സീനിയർ വൈസ് പ്രസിഡന്റും മുംബൈ സോണൽ ഹെഡുമായ ഋഷി ജാ തുടങ്ങിയവർ പങ്കെടുത്തു.

ഓൺലൈൻ വഴി സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും തട്ടിപ്പിന് ഇരയാവുകയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുകളുമാണ് പ്രധാനമായും പ്രചാരണ പരിപാടി വഴി പങ്കുവെക്കുന്നത്. ഡിജിറ്റൽ ലോകത്ത് സുരക്ഷിതമായി ഇടപാടുകൾ നടത്താൻ ഇടപാടുകാരെ ശാക്തീകരിക്കുകയാണ് ക്യാംപെയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ കെ വി എസ് മണിയൻ പറഞ്ഞു. അശ്രദ്ധയോടെയുള്ള നമ്മുടെ ഏതൊരു ക്ലിക്കും തട്ടിപ്പിലേക്ക് നയിക്കാം. അധിക സമയമെടുത്ത്, ശ്രദ്ധയോടെ ഓൺലൈൻ ഇടപാടുകൾ നടത്താൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് 'ട്വൈസ് ഈസ് വൈസ്' ക്യാംപെയിനിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ഏറ്റവും ശക്തമായ ആയുധം പൊതുജന ബോധവൽക്കരണമാണെന്നും ജാഗ്രതയോടെ പ്രവർത്തിക്കുന്ന പൗരന്മാർക്ക് മാത്രമേ ഇത്തരം തട്ടിപ്പുകൾ തടയാൻ കഴിയുകയുള്ളൂവെന്നും ഇന്ത്യൻ സൈബർക്രൈം കോഡിനേഷൻ സെന്റർ സിഇഒ രാജേഷ് കുമാർ പറഞ്ഞു. ഫെഡറൽ ബാങ്കുമായി സഹകരിക്കുന്നതിലൂടെ പൊതുജന അവബോധം കൂടുതൽ കാര്യക്ഷമമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം മാത്രം 12 ലക്ഷത്തിലധികം സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്‌തെന്നാണ് കണക്ക്. ഏകദേശം 12000 കോടി രൂപയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. വർഷംതോറും സൈബർ കുറ്റകൃത്യങ്ങളിൽ 15 ശതമാനം വർധനവുണ്ടാകുന്നതായും പഠനങ്ങൾ തെളിയിക്കുന്നു. ഈ സാഹചര്യത്തിൽ, ആറു മാസത്തെ രണ്ടാംഘട്ട പ്രവർത്തനങ്ങളാണ് ക്യാംപെയിന്റെ ഭാഗമായി ഫെഡറൽ ബാങ്ക് നടത്തുന്നത്. ഡൽഹി, മുംബൈ, പൂനെ, നാഗ്പൂർ, കോലാപ്പൂർ, അഹമ്മദാബാദ്, സൂറത്ത്, കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, ഹിസാർ, ജലന്ധർ, കർണാൽ, ചെന്നൈ, കോയമ്പത്തൂർ, മധുരൈ എന്നിവിടങ്ങളിലാണ് പ്രചാരണ പരിപാടികൾ നടക്കുക. കേരളത്തിൽ സംഘടിപ്പിച്ച ആദ്യഘട്ട പ്രചാരണ പരിപാടി ഏകദേശം 65 ലക്ഷം ആളുകളിൽ എത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com