
കൊച്ചി: ഓൺലൈൻ പർച്ചേസ് ചെയ്യുന്ന ഇടപാടുകാർക്ക് സുരക്ഷിതവും ആധികാരികവുമായ പേയ്‌മെന്റുകൾ നടത്താൻ ബയോമെട്രിക് സൗകര്യമൊരുക്കി ഫെഡറൽ ബാങ്ക്. ഇടപാടുകാർക്ക് ഇനിമുതൽ ഫിംഗർപ്രിന്റ്, ഫേസ് ഐഡി എന്നിവയിലൂടെ പേയ്‌മെന്റുകൾ നടത്താം. ഒടിപിക്കു കാത്തുനിൽക്കാതെ അതിവേഗം ഇടപാടുകൾ നടത്താമെന്നതാണ് ബയോമെട്രിക് സംവിധാനത്തിന്റെ സവിശേഷത. ഒടിപി മുഖേനയുള്ള തട്ടിപ്പുകൾ പരമാവധി കുറയ്ക്കാനും ഇതിലൂടെ സാധിക്കും.
രാജ്യത്ത് ആദ്യമായാണ് ഒരു ബാങ്ക് ഓൺലൈൻ ഷോപ്പിംഗ് ഇടപാടുകൾക്ക് ബയോമെട്രിക് സംവിധാനം നടപ്പിലാക്കുന്നത്. ആഗോള ഫിൻടെക് സേവനദാതാക്കളായ എം2പി, മിങ്കസുപേ എന്നീ കമ്പനികളുടെ സഹകരണത്തോടെയാണ് ഈ സൗകര്യം നടപ്പാക്കുന്നത്.
വെറുമൊരു സാങ്കേതിക നവീകരണത്തിനും അപ്പുറം ഇടപാടുകാർക്ക് നൂതന ബാങ്കിങ് അനുഭവം ലഭ്യമാക്കുകയെന്ന ഫെഡറൽ ബാങ്കിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ബയോമെട്രിക് സംവിധാനം അവതരിപ്പിക്കുന്നതെന്ന് ബാങ്കിന്റെ ഉപഭോക്തൃ ബാങ്കിങ് വിഭാഗം നാഷണൽ ഹെഡ് വിരാട് സുനിൽ ദിവാൻജി പറഞ്ഞു. ഏറ്റവും വേഗതയിൽ സുരക്ഷിതമായി ഇടപാടുകൾ നടത്താൻ ബയോമെട്രിക് സൗകര്യത്തിലൂടെ സാധിക്കും. ഡിജിറ്റൽ നവീകരണത്തിലൂടെ ഇടപാടുകാരുടെ സൗകര്യം വർദ്ധിപ്പിക്കുക എന്നത് മാത്രമല്ല അവരെ സുരക്ഷിതരാക്കുക എന്നതും ബാങ്ക് ലക്ഷ്യം വെക്കുന്നു. എം 2 പി യും മിങ്കാശുപേയുമായി ചേർന്നുകൊണ്ട് അവതരിപ്പിച്ച സംവിധാനത്തിലൂടെ തടസരഹിതമായ ഡിജിറ്റൽ ഇടപാടുകളുടെ കാര്യത്തിൽ ദേശീയതലത്തിലെ മികച്ച മാതൃക ആവുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
ഡിജിറ്റൽ പേയ്മെന്റ് രംഗത്തെ ഉപഭോക്തൃ അനുഭവം പരമാവധി സൗകര്യപ്രദമാക്കാൻ സാധിക്കുന്നതാണ് ഫെഡറൽ ബാങ്കുമായുള്ള സഹകരണമെന്ന് എം2പി ഫിൻടെക്കിന്റെ സഹസ്ഥാപകൻ ആർ മധുസൂദനൻ പറഞ്ഞു. ഏറ്റവും സുരക്ഷിതമായ പേയ്മെന്റ് സൗകര്യം ആഗോളതലത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അതിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിനോടൊപ്പം സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മിങ്കസുപേ സിഇഒ അൻപ് ഗൗണ്ടർ പറഞ്ഞു.
ടു ഫാക്ടർ ഓതന്റിക്കേഷൻ മുഖേന ബയോമെട്രിക് സംവിധാനത്തിന്റെ സുരക്ഷ ഉറപ്പാക്കാം. ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ട് ഫോണുകളിൽ സൗകര്യം ലഭ്യമാണ്. തുടക്കത്തിൽ ഫെഡറൽ ബാങ്ക് കാർഡ് (ഡെബിറ്റ്, ക്രെഡിറ്റ്) ഉടമകൾക്കു ലഭിക്കുന്ന ബയോമെട്രിക് സൗകര്യം വൈകാതെ കൂടുതൽ പ്ലാറ്റ്ഫോമുകളിലേക്ക് വിപുലീകരിക്കുമെന്നും ഫെഡറൽ ബാങ്ക് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://www.federalbank.co.in/biometric-authentication-for-ecom-card-transactions എന്ന വെബ്സൈറ്റ് സന്ദർശിക്കുക.