
ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലേക്കുള്ള സംഭാവനകൾ ഡിജിറ്റലായി നൽകാനുള്ള പുതിയ സൗകര്യം ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. ഇതോടെ, നാഷണൽ പേയ്‌മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഭാരത് ബിൽ പേയ്‌മെൻറ് സിസ്റ്റത്തിലെ ഡൊണേഷൻ വിഭാഗത്തിനു കീഴിൽ ഈ സംവിധാനം ആരംഭിക്കുന്ന കേരളത്തിലെ ആദ്യ ക്ഷേത്രമായി ഗുരുവായൂർ ക്ഷേത്രം ചരിത്രത്തിൽ ഇടം പിടിച്ചു.
ഫെഡറൽ ബാങ്കിന്റെ ഫെഡ്മൊബൈൽ, ഗൂഗിൾ പേ, ഫോൺ പേ, ഭീം യു പി ഐ എന്നിവയുള്‍പ്പെടെയുള്ള ഏത് യുപിഐ ആപ്പിലൂടെയും ലോകത്തെവിടെ നിന്നും ഏതു സമയത്തും ക്ഷേത്രത്തിലേക്ക് സംഭാവന നൽകാൻ കഴിയും.
“ക്ഷേത്ര സംഭാവനകളുടെ ഡിജിറ്റൽ പരിവർത്തനത്തിന്റെ നാഴികക്കല്ലിൽ പങ്കാളികളാവാൻ സാധിച്ചതിൽ ഞങ്ങൾക്ക് വലിയ അഭിമാനമുണ്ട്. ബി ബി പി എസ് പ്ലാറ്റ്ഫോമിൽ സജ്ജീകരിക്കപ്പെട്ട കേരളത്തിലെ ആദ്യ ക്ഷേത്രമായി മാറിയത്തിലൂടെ ഗുരുവായൂർ ക്ഷേത്രം മാതൃകയാവുകയാണ്.”പുതിയ സംവിധാനത്തെക്കുറിച്ച് ഫെഡറൽ ബാങ്കിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫിസർ എം വി എസ് മൂർത്തി പറഞ്ഞു.
"ബി ബി പി എസ് പ്ലാറ്റ്ഫോമിൽ കൈനീട്ടം കുറിച്ചുകൊണ്ടു ഗുരുവായൂർ ക്ഷേത്രം ഡിജിറ്റൽ സംഭാവനകളുടെ ചരിത്രത്തിൽ ഇടം പിടിക്കുകയാണ്. ഇനിമുതൽ ഭക്തർക്ക് ലോകത്തിൻ്റെ എത് വിദൂര കോണിൽ നിന്നും വിശേഷദിവസങ്ങളിലും പുതുസംരഭങ്ങളിലും ശ്രീ ഗുരുവായൂരപ്പന് കാണിക്ക സമർപ്പിക്കാവുന്നതാണ്,"ദേവസ്വ൦ അഡ്‌മിനിസ്‌ട്രേറ്റർ ഒ ബി അരുൺ കുമാർ പറഞ്ഞു.
ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സംഭാവനകളെ ആധുനികവത്കരിക്കുക മാത്രമല്ല രാജ്യത്തെ സാംസ്‌കാരിക-ആധ്യാത്മിക മേഖലകളുൾപ്പെടെ എല്ലാ മേഖലകളിലും ഡിജിറ്റൽ ബാങ്കിംഗ് അവതരിപ്പിക്കുന്നതിനുള്ള ബാങ്കിന്റെ പ്രതിബദ്ധത കൂടിയാണ് ഈ പങ്കാളിത്തത്തിലൂടെ വ്യക്തമാവുന്നത്.