ഡിജിറ്റൽ അറസ്റ്റു ഭയന്ന വയോധികനു തുണയായി ഫെഡറൽ ബാങ്ക്

Federal Bank
Published on

തന്റെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ആവശ്യപ്പെട്ടുകൊണ്ട് എഴുപത്താറുകാരനായ ഇടപാടുകാരൻ സമീപിച്ചപ്പോൾ ഫെഡറൽ ബാങ്ക് തവനൂർ ശാഖയിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷെ, തന്റെ മുംബൈ ശാഖയിലുള്ള അക്കൗണ്ടിലെ പണവും ചേർത്ത് മുഴുവനായി ഉടനടി ട്രാൻസ്ഫർ ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ എന്തോ പന്തികേട് തോന്നി. രണ്ട് അക്കൗണ്ടിലുമായി ആറുലക്ഷത്തിലധികം രൂപയുണ്ടായിരുന്നു.

പണമയക്കാൻ വിസമ്മതിച്ച ഉദ്യോഗസ്ഥർ മാനേജരുമായി സംസാരിക്കാൻ വയോധികനോട് ആവശ്യപ്പെട്ടു. എന്താവശ്യത്തിനാണ്, ആർക്കാണ് പണമയക്കുന്നത് തുടങ്ങിയ കാര്യങ്ങൾ മാനേജർ ചോദിക്കുന്നതിനിടയിൽ വയോധികന് ഒരു വീഡിയോ കോൾ വന്നു. ആകെ ഭയന്ന് വിറച്ചാണ് വയോധികൻ കോൾ എടുത്തത്. ആരാണ് കോൾ ചെയ്തതെന്ന് മാനേജർ ചോദിച്ചതിന് മുംബൈ പോലീസ് ആണെന്നായിരുന്നു വയോധികന്റെ മറുപടി.

ഈ ഘട്ടത്തിൽ മാനേജർ ഫോൺ വാങ്ങി സംസാരിച്ചു. ഉയർന്ന പോലീസ് ഉദ്യോഗസ്ഥനെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള യൂണിഫോം ധരിച്ച്, ഓഫീസ് പശ്ചാത്തലിരുന്നാണ് അയാൾ സംസാരിച്ചത്.

4 കോടി രൂപയുടെ ഒരു സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതിയാണ് വയോധികൻ എന്നും കേസ് കഴിയുന്നത് വരെ അക്കൗണ്ടിലെ തുക കേന്ദ്ര പൂൾ അക്കൗണ്ടിലേക്ക് മാറ്റേണ്ടതുണ്ടെന്നും അയാൾ മാനേജരെ അറിയിച്ചു. കേസുണ്ടെങ്കിൽ അക്കൗണ്ട് മരവിപ്പിക്കാനാണല്ലോ പൊലീസോ കോടതിയോ ആവശ്യപ്പെടാറുള്ളതെന്ന് മാനേജർ അയാളോട് പറഞ്ഞു. അക്കൗണ്ടിൽ നിന്ന് ഉടനടി പണം മുഴുവൻ ട്രാൻസ്ഫർ ചെയ്തില്ലെങ്കിൽ മാനേജർക്കെതിരെയും കേസെടുക്കുമെന്ന് അയാൾ ഭീഷണി മുഴക്കി.

അത്രയുമായപ്പോൾ മാനേജർ ബാങ്കിന്റെ മലപ്പുറം റീജിയണൽ ഹെഡ് ആയ അനൂപ് ലാലിനെ ബന്ധപ്പെട്ടു. വിവരം എത്രയും വേഗം പോലീസിൽ അറിയിക്കാനും അക്കൗണ്ടുകൾ തൽക്കാലത്തേക്ക് മരവിപ്പിക്കാനുമാണ് റീജിയണൽ ഹെഡ് നിർദ്ദേശിച്ചത്. രണ്ട് കാര്യങ്ങൾക്കും വയോധികൻ സമ്മതം അറിയിച്ചു. തുടർന്ന് തവനൂരിലെയും മുംബൈയിലെയും അക്കൗണ്ടുകൾ മരവിപ്പിക്കുകയും പോലീസ് സ്റ്റേഷനിൽ ചെന്ന് വിവരം അറിയിക്കുകയും ചെയ്തു.

തട്ടിപ്പുകാരുമായി ബന്ധപ്പെടാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ചോഫ് ആയിരുന്നു. പരാതി രേഖപ്പെടുത്തിയതിനു ശേഷം വയോധികനും മാനേജരും ബ്രാഞ്ചിലേക്കു മടങ്ങി. അക്കൗണ്ടിലെ പണം നഷ്ടപ്പെടാതെ സംരക്ഷിച്ചതിന് ഫെഡറൽ ബാങ്ക് തവനൂർ ശാഖയിലെ ഉദ്യോഗസ്ഥർക്കും മാനേജരായ പി കെ ശശികുമാറിനും നന്ദി പറഞ്ഞുകൊണ്ടാണ് വയോധികൻ ബ്രാഞ്ചിൽ നിന്ന് മടങ്ങിയത്.

Related Stories

No stories found.
Times Kerala
timeskerala.com