ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടാനയായ 'പടയപ്പ' ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തുന്നു. മൂന്നാർ ലോക്ക് ഹാർട്ട് എസ്റ്റേറ്റ് പുതുലൈൻ ഭാഗത്താണ് കാട്ടാന കഴിഞ്ഞ രണ്ടു ദിവസമായി തമ്പടിച്ചിരിക്കുന്നത്. ജനവാസ മേഖലയിൽ തുടരുന്ന പടയപ്പ പ്രദേശത്തെ കൃഷിയിടങ്ങളിൽ നാശനഷ്ടം വരുത്തിയതായി നാട്ടുകാർ ആരോപിക്കുന്നു.(Fear of Padayappa, the wild elephant again in Munnar, Locals say it has caused damage to farmlands)
എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാട്ടാന ഉടൻ തന്നെ വനത്തിലേക്ക് മടങ്ങിപ്പോകാനാണ് സാധ്യതയെന്നും റാപ്പിഡ് റെസ്‌പോൺസ് ടീം (ആർ.ആർ.ടി.) വ്യക്തമാക്കി. പ്രദേശത്ത് നിരീക്ഷണം തുടരുകയാണെന്നും അവർ അറിയിച്ചു. പടയപ്പയുടെ നീക്കങ്ങൾ മൂന്നാർ ആർ.ആർ.ടി. വെറ്ററിനറി ഡോക്ടർ സിദ്ധാർത്ഥ് ശങ്കർ പകർത്തിയ ദൃശ്യങ്ങളിൽ വ്യക്തമാണ്.
കഴിഞ്ഞ ദിവസവും പടയപ്പയുടെ ആക്രമണങ്ങൾ പ്രദേശവാസികളെ ബുദ്ധിമുട്ടിച്ചിരുന്നു. മൂന്നാർ ദേവികുളം ലോവർ ഡിവിഷനിലെ റേഷൻ കടയ്ക്ക് നേരെ പടയപ്പ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ദേശീയപാതയിൽ ഇറങ്ങിയ ആന, ലോക്ക്ഹാർട്ടിലെ ടോൾ ബൂത്ത് കടന്നെത്തിയ വാഹനങ്ങൾ തടഞ്ഞ് ഗതാഗത തടസ്സവും ആശങ്കയും സൃഷ്ടിച്ചിരുന്നു.