തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരനായ മകൻ ഇഹാനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഷിജിലിന്റെ കുറ്റസമ്മത മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ജനുവരി 16-ന് പുലർച്ചെ നടന്ന ദാരുണമായ സംഭവങ്ങൾക്ക് പിന്നിൽ കേവലം ഉറക്കം നഷ്ടപ്പെട്ടതിലുള്ള പ്രകോപനമാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.(Father's shocking statement in the murder of a one-year-old boy )
ഉറക്കത്തിനിടെ കുഞ്ഞ് ഞെട്ടിയുണർന്ന് കരയാൻ തുടങ്ങി. ഈ സമയം കുഞ്ഞിന്റെ അമ്മ കൃഷ്ണപ്രിയ എഴുന്നേറ്റ് മുറിയിലെ ലൈറ്റിട്ടു. ലൈറ്റിട്ടതോടെ തന്റെ ഉറക്കം നഷ്ടപ്പെട്ടതിൽ ക്ഷുഭിതനായ ഷിജിൽ, കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിന്റെ വയറ്റിൽ കൈമുട്ട് കൊണ്ട് ശക്തമായി ഇടിക്കുകയായിരുന്നു.
മർദ്ദനമേറ്റ് കുഞ്ഞ് വാവിട്ട് കരഞ്ഞിട്ടും അത് വകവെക്കാതെ ഷിജിൽ വീണ്ടും കിടന്നുറങ്ങി. പുറമേ പരിക്കുകൾ കാണാത്തതിനാൽ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാനും ഇയാൾ തയ്യാറായില്ല. ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതരമായ ക്ഷതവും വയറ്റിലെ നീർക്കെട്ടും കാരണം പുലർച്ചെയോടെ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
കുഞ്ഞ് ബിസ്കറ്റ് കഴിച്ചപ്പോൾ നുരയും പതയും വന്നതാണ് മരണകാരണമെന്ന് അമ്മ ആദ്യം പറഞ്ഞിരുന്നെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ആന്തരിക രക്തസ്രാവത്തെക്കുറിച്ചുള്ള കണ്ടെത്തലാണ് പോലീസിനെ ഷിജിലിലേക്ക് എത്തിച്ചത്. കുഞ്ഞിന്റെ പിതൃത്വത്തിലുള്ള സംശയം കാരണം നേരത്തെയും ഇയാൾ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.