ആലപ്പുഴ : മകളെ പിതാവ് കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ആലപ്പുഴ മാരാരിക്കുളത്താണ് സംഭവം. എയ്ഞ്ചൽ ജാസ്മിൻ എന്ന 28 കാരിയെ കൊലപ്പെടുത്തിയത് പിതാവ് ഫ്രാൻസിസ് (ജോസ് മോൻ, 53) ആണ്.(Father murdered daughter in Alappuzha)
ഇയാളെ ഇന്നലെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. യുവതിയുടെ രാത്രിയാത്ര സംബന്ധിച്ച് വീട്ടിൽ തർക്കങ്ങൾ ഉണ്ടാകുമായിരുന്നു. നാട്ടുകാരിൽ ചിലർ ഇത് ശരിയല്ലെന്ന് പിതാവിനോട് പറഞ്ഞു കൊടുത്തു.
ചൊവ്വാഴ്ച്ച രാത്രിയാത്ര കഴിഞ്ഞെത്തിയ എയ്ഞ്ചലിനെ പിതാവ് ശകാരിച്ചു. ഇത് പിന്നീട് കയ്യാങ്കളിയിലേക്കെത്തി. ഫ്രാൻസിസ് യുവതിയുടെ കഴുത്തിൽ തോർത്തിട്ട് മുറുക്കി. ഈ സമയത്ത് ഇയാളുടെ പിതാവ് സേവ്യർ, മാതാവ് സൂസി, ഭാര്യ സിന്ധു എന്നിവർ ഇവിടെ ഉണ്ടായിരുന്നു.
എയ്ഞ്ചൽ മരിച്ചുവെന്ന് കണ്ട കുടുംബം രാവിലെ വരെ വീടിനുള്ളിൽ തന്നെ ഇരുന്നു. പുലർച്ചെ 6 മണിയോടെ യുവതി മരിച്ചെന്ന് പറഞ്ഞ് ഇവർ കരഞ്ഞതോടെയാണ് അയൽവാസികൾ വിവരമറിഞ്ഞത്. എയ്ഞ്ചൽ ഭർത്താവുമായി പിന്നാജി ആറു മാസമായി വീട്ടിൽ കഴിയുകയായിരുന്നു.