
ആലപ്പുഴ: നൂറനാട് വയോധികനായ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. പടനിലം ഭാഗത്തുനിന്നും സാഹസികമായാണ് പ്രതിയെ പിടികൂടിയത്. നൂറനാട് സ്വദേശി രാമകൃഷ്ണപിള്ള (80) യെയാണ് മകൻ അജീഷ് (43) ക്രൂരമായി മർദിച്ചത്.
സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വിറക് കഷ്ണം കൊണ്ട് ഇയാള് പിതാവിനെ ക്രൂരമായി മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. അതിക്രമത്തിന് ശേഷം പ്രതി ഒളിവിൽ പോയി. ഒടുവിൽ പടനിലം ഭാഗത്ത് വെച്ച് സാഹസികമായി പിടികൂടുകയായിരുന്നു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.