
തിരുവനന്തപുരം: പത്ത് വയസ്സ് മാത്രം പ്രായമുള്ള മകനെ ഉപയോഗിച്ച് ലഹരി മരുന്ന് വിൽപ്പന നടത്തിയ പിതാവ് അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ലയിലാണ് മുൻപ് കേട്ട് കേള്വിയില്ലാത്ത തരത്തിലുള്ള ലഹരിക്കച്ചവടം നടന്നത്. സംഭവത്തിൽ മുഹമ്മദ് ഷമീര്‍ എന്നയാളാണ് അറസ്റ്റിലായത്.മകന്റെ ശരീരത്തില്‍ എം.ഡി.എം.എ. ഒളിപ്പിച്ചുവെച്ച് വില്‍പന നടത്തുകയായിരുന്നു ഇയാളുടെ രീതി. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ദീപാ ജങ്ഷന് സമീപത്തെ വീട്ടില്‍നിന്നാണ് മുഹമ്മദ് ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമാണ് മകനെ ഉപയോഗിച്ച് മുഹമ്മദ് ഷമീര്‍ ലഹരി വില്‍പന നടത്തിയിരുന്നതെന്ന് ഡിവൈ.എസ്.പി. ആഷാദ് മദ്യമങ്ങളോട് പറഞ്ഞു.
കര്‍ണാടകയില്‍നിന്നടക്കം മയക്കുമരുന്നും എം.ഡി.എം.എയും ഇയാള്‍ നാട്ടിലെത്തിക്കുന്നുണ്ടെന്നാണ് വിവരം. പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ എം.ഡി.എം.എ. സെല്ലോ ടേപ്പ് ഉപയോഗിച്ച് കുഞ്ഞിന്റെ ശരീരത്തില്‍ ഒട്ടിക്കും. ശേഷം, കുട്ടിയെ വസ്ത്രം ധരിപ്പിച്ച് കാറിലോ സ്‌കൂട്ടറിലോ ഒപ്പമിരുത്തി യാത്രചെയ്യുകയും, ആവശ്യക്കാർക്ക് ലഹരി കൈമാറുകയും ചെയ്യുന്നതായിരുന്നു പ്രതിയുടെ രീതി. കഴിഞ്ഞ ആറുമാസമായി പോലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു മുഹമ്മദ് ഷമീര്‍. ഇയാളുടെ മൊബൈലും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.