
തിരുവനന്തപുരം : മകളുടെ ഭർത്താവിനെ ലോറിയിടിച്ച് കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. വെമ്പായം തേക്കട കുണൂർ സിയോൺകുന്ന് പനച്ചുവിള വീട്ടിൽ ജോൺ എന്ന 48 കാരനാണ് പിടിയിലായത്. മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ വൈരാഗ്യമാണ് അക്രമണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. വെമ്പായം വേറ്റിനാട് കളിവിളാകം സുഭദ്രാ ഭവനിൽ അഖിൽജിത്തി(30) ന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ടോടെ കൊപ്പം സിഎസ്ഐ പള്ളിക്ക് സമീപമായിരുന്നു സംഭവം നടന്നത്.
ഒരുമാസം മുൻപായിരുന്നു പിതാവിന്റെയും കുടുംബത്തിന്റെയും എതിർപ്പ് അവഗണിച്ച് ജോണിന്റെ മകൾ അജീഷ(21) അഖിൽജിത്തിനെ വിവാഹം കഴിച്ചത്. അഖിൽജിത്തിന്റേത് രണ്ടാം വിവാഹമായിരുന്നു. ഇതറിഞ്ഞപ്പോൾ സഹോദരങ്ങൾ അജീഷയെ തിരികെ വിളിച്ചുകൊണ്ടുവന്നിരുന്നു. എന്നാൽ ഒരാഴ്ച മുൻപ് വീണ്ടും അജീഷ അഖിൽജിത്തിനൊപ്പം പോയി. ശനിയാഴ്ച വൈകിട്ടോടെ ജോൺ കൊപ്പം സിഎസ്ഐ പള്ളിക്ക് സമീപത്തേക്ക് വരുമ്പോൾ അജീഷയെയും അഖിലിനെയും വഴിയരികിൽ വച്ച് കാണുകയായിരുന്നു. സ്വന്തം ലോറി ഓടിച്ചുവന്ന ജോൺ ഇവരെക്കണ്ട് വാഹനം നിർത്തി. അജീഷയും അഖിലും തൊട്ടടുത്ത കടയിൽനിന്ന് കാറിലേക്ക് കയറുന്നതിനിടെ ജോൺ ഇവർക്കുനേരേ ലോറി ഇടിച്ചു കയറ്റുകയായിരുന്നു. ലോറിക്കും കാറിനുമിടയിൽ പെട്ടുപോയ അഖിൽജിത്തിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിലുള്ള സംഘം ജോണിനെ അറസ്റ്റുചെയ്യുകയും ലോറി പിടിച്ചെടുക്കുകയും ചെയ്തു.