
തൃശ്ശൂര്‍: വാക്കു തർക്കത്തിനൊടുവിൽ അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മൂന്ന് ജീവപര്യന്തം കഠിനതടവും ഇരുപത് ലക്ഷത്തി അമ്പതിനായിരത്തി അഞ്ഞൂറ് രൂപ (20,50,500) പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശ്ശൂര്‍ പല്ലിശ്ശേരി സ്വദേശി ചന്ദ്രനേയും മകന്‍ ജിതിന്‍കുമാറിനേയും കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പല്ലിശ്ശേരി സ്വദേശിയായ കിഴക്കൂടന്‍ വീട്ടില്‍ വേലപ്പ (62)നെയാണ് തൃശ്ശൂര്‍ പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയുന്നതിനായുള്ള സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ. കമനീസ് ശിക്ഷിച്ചത്.2008-ല്‍ ചേര്‍പ്പ് ഗവ. ആശുപത്രിയില്‍ ജോഷി എന്ന യുവാവിനെ കുത്തിക്കൊന്ന കേസടക്കം നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയും ചേര്‍പ്പ് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമാണ് വേലപ്പന്‍. പല്ലിശ്ശേരിയില്‍ 2022 നവംബര്‍ 28-ന് രാത്രി 10.45-നായിരുന്നു ഇരട്ടക്കൊലപാതകം നടന്നത്. വാഹനങ്ങളില്‍ സൗണ്ട് സിസ്റ്റം ഘടിപ്പിക്കുന്ന ജോലി ചെയ്തിരുന്ന ജിതിന്‍കുമാര്‍ വീടിന് മുന്നിലെ റോഡരികിലിട്ട് കാറില്‍ ആംപ്ലിഫയര്‍ ഫിറ്റ് ചെയ്യുമ്പോള്‍ ആ വഴി വന്ന പരിസരവാസിയായ വേലപ്പന്‍ ജിതിന്‍കുമാറുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു. അതിനു ശേഷം വീട്ടിലേക്ക് പോയി കത്തിയുമായി വന്ന് ജിതിന്‍കുമാറിനേയും അച്ഛന്‍ ചന്ദ്രനേയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.കെ. കൃഷ്ണന്‍ ഹാജരായി.