നോമ്പ്; ആത്മീയ-ധാർമിക ജീവിതം പരിശീലിക്കുക :കാന്തപുരം

Ramadan 2025
Published on

കോഴിക്കോട്: സ്വന്തം ജീവിതം നവീകരിക്കാനും സമൂഹത്തിന്റെ സമാധാനവും സ്വസ്ഥതയും ക്ഷേമവും ഉറപ്പുവരുത്താനുമുള്ള ആത്മീയ-ധാർമിക ചിട്ടകളാണ് നോമ്പുകാലത്ത് പരിശീലിക്കേണ്ടതെന്ന് ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ആത്മീയ മൂല്യങ്ങളുടെയും ധാർമിക ബോധത്തിന്റെയും അഭാവമാണ് സമൂഹത്തിൽ അനുദിനം വർധിക്കുന്ന ലഹരി ഉപയോഗങ്ങൾക്കും കൊലപാതകങ്ങൾക്കും കലുഷിത അന്തരീക്ഷങ്ങൾക്കും കാരണം. മത-ധാർമിക മൂല്യങ്ങൾ മുറുകെ പിടിക്കുന്നത് പഴഞ്ചൻ സ്വഭാവമാണെന്ന ധാരണയും ലിബറൽ ചിന്താഗതി വിളംബരം ചെയ്യുന്ന സങ്കേതങ്ങളും പുതുതലമുറയെ പല പ്രശ്നങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു. ധാർമിക മൂല്യങ്ങൾ പിന്തുടർന്നെങ്കിലേ സമാധാന സാമൂഹികാന്തരീക്ഷവും സഹജീവി സ്നേഹവും സഹായമനസ്കയതയും രൂപപ്പെടുകയുള്ളൂ.

തെറ്റായ പ്രവർത്തനങ്ങളെ കുറിച്ച് ബോധമുണ്ടാവാനും സാമൂഹ്യ വിപത്തുകളിൽ വീണുപോവാതെ ജാഗ്രതയുള്ളവരാവാനും നോമ്പ് മനുഷ്യനെ പ്രേരിപ്പിക്കുന്നുണ്ട്. ഭൂമിയിലുള്ള സർവ ജീവജാലങ്ങൾക്കും കരുണ ചെയ്യാനാണ് നോമ്പ് ഉണർത്തുന്നത്. അന്നപാനീയങ്ങൾ ഉപേക്ഷിച്ചാൽ മാത്രം പോരാ, മറ്റുള്ളവരെ വാക്കുകൊണ്ടുപോലും നോവിക്കാതിരിക്കുമ്പോഴാണ് നോമ്പ് പൂർണമാവുന്നതെന്നാണ് ഇസ്‌ലാമിക അധ്യാപനം. ആത്മീയ മൂല്യങ്ങൾ സ്വന്തം ജീവിതത്തിൽ പരിശീലിക്കാനും സഹജീവികളെ കൂരുണ്യപൂർവം കാണാനും ഈ വ്രതകാലം ഏവരും ഉപയോഗപ്പെടുത്തണം. പ്രയാസപ്പെടുന്ന എല്ലാ മനുഷ്യരെയും ചേർത്തുപിടിക്കാനും സഹായങ്ങൾ എത്തിക്കാനും ഈ വേളയിൽ സാധിക്കേണ്ടതുണ്ട്. പലവിധ കാരണങ്ങളാൽ ദാരിദ്ര്യം അഭിമുഖീകരിക്കുന്ന മനുഷ്യരെ മറന്ന് നോമ്പുതുറയും മറ്റും ധൂർത്തിന്റെ മേളയാക്കുന്നത് വിശ്വാസിക്ക് ചേർന്നതല്ല. നോമ്പിന്റെ ആത്മവീര്യം ചോർന്ന് പോകാതെ കൂടുതൽ കരുത്തോടെ എല്ലാ പ്രതിസന്ധികളെയും അതിജയിക്കാൻ നേരായ വിശ്വാസം പ്രാപ്തമാകേണ്ടതുണ്ടെന്നും കാന്തപുരം റമളാൻ സന്ദേശത്തിൽ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com