നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്‌റ്റംസ് ആറു കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ഫാഷൻ ഡിസൈനർ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ജലീൽ ജസ്മാനിൽ (29) പിടിയിലായത്.
നിന്നാണ് ഞായർ പുലർച്ചെ ബാങ്കോക്കിൽ നിന്ന് സിംഗപ്പൂർ വഴി സിംഗപ്പൂർ എയർലൈൻസ് വിമാനത്തിലാണ് ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. കഞ്ചാവിന് വിപണിയിൽ ആറുകോടിയോളം രൂപ വിലവരുമെന്ന് കസ്റ്റംസ് പറഞ്ഞു.
ബാഗേജിലെ പ്രത്യേക അറകളിലായി ഈർപ്പം കയറാത്ത രീതിയിൽ ഓരോ കിലോ വീതമുള്ള പ്രത്യേക പാക്കറ്റുകളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരുലക്ഷം രൂപയും വിമാനടിക്കറ്റുമാണ് കഞ്ചാവ് കടത്തിന് ഇയാൾക്ക് പ്രതിഫലം ലഭിച്ചിരുന്നു.
സംശയം തോന്നി കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് അബ്‌ദുൾ ജലീൽ കുടുങ്ങിയത്. ആർക്കാണ് കഞ്ചാവ് കൈമാറുന്നതെന്നും മറ്റു കണ്ണികൾ ആരൊക്കെയാണെന്നും കണ്ടെത്താൻ കസ്‌റ്റംസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ കൈയ്യിൽ നിന്ന് കഞ്ചാവ് വാങ്ങാൻ ലഹരി മാഫിയാ സംഘം വിമാനത്താവളത്തിൽ എത്തിയിരുന്നതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ വിവരം അറിഞ്ഞ് ഇവർ കടന്നു കളയുകയായിരുന്നു.