
മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍ നടുന്നവര്‍ക്ക് 15 വര്‍ഷം വരെ ധനസഹായം ലഭിക്കും. പദ്ധതി കാലാവധി പൂര്‍ത്തിയായ ശേഷം സ്ഥല ഉടമക്ക് സോഷ്യല്‍ ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസിന്റെ അനുമതിയോടെ മരങ്ങള്‍ മുറിച്ചെടുക്കാനുള്ള അനുവാദവും ഉണ്ടാകും. സംസ്ഥാനത്തെ വൃക്ഷാവരണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സ്വന്തമായി ഭൂമിയുള്ളവര്‍ക്കും കുറഞ്ഞത് 15 വര്‍ഷത്തെ പാട്ടത്തിന് ഭൂമി കൈവശമുള്ളവര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാവാം. ചന്ദനം, തേക്ക്, റോസ് വുഡ്, പ്ലാവ്, കാട്ടുപ്ലാവ്, തമ്പകം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, കുമ്പില്‍, കരിമരുത്, വെണ്‍തേക്ക്, വീട്ടി എന്നിവയാണ് പദ്ധതി പ്രകാരം നടേണ്ടത്. ആദ്യഘട്ടത്തില്‍ ചന്ദനത്തൈകളാണ് നട്ടുപിടിപ്പിക്കുക
പദ്ധതിയില്‍ അംഗങ്ങളാകാന്‍ താല്‍പര്യമുള്ളവര്‍ പ്രാദേശിക പരിധിയിലുള്ള സാമൂഹിക വനവത്കരണവിഭാഗം റെയ്ഞ്ച് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. റെയ്ഞ്ച് ഓഫീസര്‍ രേഖകളും ഭൂമിയും പരിശോധിച്ച് നടാന്‍ സാധിക്കുന്ന വൃക്ഷത്തൈകളുടെ എണ്ണം തീരുമാനിക്കും. കുറഞ്ഞത് 10 തൈകളെങ്കിലും നടാനാകണം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വനംവകുപ്പുമായി ധാരണാപത്രം ഒപ്പിടണം.
തൈകള്‍ നട്ടുവളര്‍ത്തുന്നതിനുള്ള പ്രോത്സാഹന സഹായധനം മൂന്നാം വര്‍ഷം മുതലാണ് നല്‍കുക. പരിപാലിക്കുന്നവര്‍ക്ക് 15 വര്‍ഷംവരെ ഇത് ലഭിക്കും. സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നഴ്സറികളില്‍നിന്ന് എല്ലാ വര്‍ഷവും ജൂണ്‍-ജൂലൈ മാസങ്ങളില്‍ സൗജന്യമായി വൃക്ഷത്തൈകള്‍ നല്‍കും. 15 വര്‍ഷത്തിനുശേഷം ഉടമകള്‍ക്ക് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസിന്റെ അനുമതിയോടെ മരങ്ങള്‍ സ്വന്തം ആവശ്യത്തിന് മുറിച്ച് ഉപയോഗിക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്യാമെന്ന് ഉത്തരമേഖല സാമൂഹിക വനവത്കരണ വിഭാഗം കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി പറഞ്ഞു.