തൃശൂർ: സപ്ലൈകോ വഴി നെല്ല് സംഭരണം നടക്കാതായതോടെ തൃശൂരിലെ പുതുക്കാട് മണ്ഡലത്തിലെ വിവിധ പാടശേഖര സമിതികളുടെ കീഴിൽ നൂറുകണക്കിന് ടൺ നെല്ലാണ് കെട്ടിക്കിടക്കുന്നത്. ഒന്നര മാസമായി കൊയ്തെടുത്ത വിരിപ്പൂ കൃഷിയുടെ നെല്ലാണ് സൂക്ഷിക്കാൻ ഇടമില്ലാതെ പറമ്പുകളിലും വീട്ടുമുറ്റത്തും ചാക്കുകളിൽ കെട്ടിയിരിക്കുന്നത്.(Farmers in distress as paddy procurement is not being done)
തുടർച്ചയായി പെയ്ത മഴയിൽ നെല്ല് ഉണക്കി സൂക്ഷിക്കാൻ പോലും കർഷകർ ഏറെ ബുദ്ധിമുട്ടനുഭവിച്ചു. നിലവിൽ കെട്ടിക്കിടക്കുന്ന നെല്ല് നശിച്ചുപോകുമോ എന്ന ആശങ്കയിലാണ് കർഷകർ.
പലിശയ്ക്കെടുത്തും ആഭരണങ്ങൾ പണയപ്പെടുത്തിയും കൃഷിയിറക്കിയ കർഷകർ നെല്ല് സംഭരണം വൈകുന്നതോടെ കടുത്ത സാമ്പത്തിക ബാധ്യതയിലും കടക്കെണിയിലുമായി. അളഗപ്പനഗർ പഞ്ചായത്തിലെ കാവല്ലൂർ, പൂക്കോട്, പച്ചളിപ്പുറം പാടശേഖരങ്ങളിൽ മാത്രം നൂറിലേറെ ടൺ നെല്ലാണ് കെട്ടിക്കിടക്കുന്നത്. 200-ഓളം കർഷകരാണ് ദുരിതത്തിലായിരിക്കുന്നത്.