
തൃശ്ശൂർ: പോലീസ് ചോദ്യം ചെയ്തയച്ച യുവാവിനെ വീടിന്റെ ടെറസ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചാലക്കുടി ചെമ്മക്കുന്ന് സ്വദേശി ലിന്റോ (40) ആണ് മരിച്ചത്. ടിപ്പർ ലോറി ഡ്രൈവറാണ് ഇദ്ദേഹം.(Family protests after young man found dead after being questioned by police)
ഒരു വെട്ടുകേസിലെ പ്രതിയുടെ സുഹൃത്തായിരുന്ന ലിന്റോയെ, പ്രതിയെ കണ്ടെത്താനായി ചാലക്കുടി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ വിട്ടയച്ചത്.
പോലീസിന്റെ കടുത്ത സമ്മർദ്ദം മൂലമാണ് ലിന്റോ ജീവനൊടുക്കിയതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പോലീസിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഇവർ പ്രതിഷേധത്തിലാണ്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.