പാലക്കാട്: ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥ മൂലം കൈപ്പത്തി നഷ്ടപ്പെട്ട ഒൻപത് വയസ്സുകാരി വിനോദിനിയുടെ കുടുംബം ആരോഗ്യവകുപ്പിന്റെ വിദഗ്ധ സമിതിക്ക് മുന്നിൽ മൊഴി രേഖപ്പെടുത്തി. പാലക്കാട് ഡി.എം.ഒ ഓഫീസിൽ വെച്ചാണ് വിനോദിനിയുടെ കുടുംബത്തിൻ്റെ മൊഴിയെടുത്തത്.(Family of 9-year-old girl whose hand had to be amputated due to medical error testifies before expert panel)
സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും അതിനാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് ഭയമുണ്ടെന്നും വിനോദിനിയുടെ മാതാവ് പറഞ്ഞു. നീതി കിട്ടണമെന്നും അവർ വ്യക്തമാക്കി.
കൈയിലെ ഫ്രാക്ചറിന് പ്ലാസ്റ്റർ ഇട്ടതിന് പിന്നാലെ വിനോദിനിക്ക് കടുത്ത വേദനയും നീരും അനുഭവപ്പെട്ടിരുന്നു. പലതവണ ആശുപത്രിയിൽ എത്തിയിട്ടും വേദനസംഹാരികൾ നൽകി തിരിച്ചയക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
വീഴ്ചയെത്തുടർന്ന് കൈക്ക് ഫ്രാക്ചർ സംഭവിച്ച വിനോദിനിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാസ്റ്റർ ഇട്ടശേഷം കൈക്ക് നിറം മാറ്റവും തരിപ്പും അനുഭവപ്പെട്ടു. എന്നാൽ ആശുപത്രി അധികൃതർ ഇത് ഗൗരവമായി എടുത്തില്ലെന്ന് പരാതിയുണ്ട്. സ്ഥിതി ഗുരുതരമായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ വെച്ച് അണുബാധ പടരാതിരിക്കാൻ ഡോക്ടർമാർക്ക് വിനോദിനിയുടെ കൈപ്പത്തി മുറിച്ചുമാറ്റേണ്ടി വന്നു.