പാലക്കാട്: പല്ലശ്ശനയിൽ ഒൻപത് വയസ്സുകാരിയുടെ വലത് കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകി. സംഭവത്തിൽ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.(Family files police complaint against doctors on the Incident of 9-year-old girl's hand being amputated in Palakkad)
പല്ലശ്ശന സ്വദേശി വിനോദിനിയുടെ മകൾക്കാണ് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതിനെ തുടർന്ന് വലത് കൈ മുറിച്ചുമാറ്റേണ്ടി വന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് കുട്ടിയുടെ കൈ മുറിച്ചുമാറ്റാൻ കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.
കുട്ടിയുടെ മുറിവ് ഡോക്ടർമാർ കൃത്യമായി രേഖപ്പെടുത്തിയില്ല, ആന്റിബയോട്ടിക് മരുന്നുകൾ എഴുതിയില്ല, വേദന ഉണ്ടായിട്ടും ഇൻഫെക്ഷൻ പരിശോധന നടത്തിയില്ല, ബി.പി. പോലും പരിശോധിച്ചില്ല എന്നിങ്ങനെ ഗുരുതര വീഴ്ചകൾ ചികിത്സാ പിഴവ് വ്യക്തമാക്കുന്ന മെഡിക്കൽ രേഖകൾ സൂചിപ്പിച്ചിരുന്നു.
ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്ക് വീഴ്ചയില്ലെന്ന് കെ.ജി.എം.ഒ.എ.യും ആശുപത്രി അധികൃതരും ആവർത്തിച്ച് പറഞ്ഞിരുന്നെങ്കിലും, കുട്ടിയുടെ കുടുംബം ആരോപണത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പോലീസിനെ സമീപിച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് തുടർ നടപടികൾ സ്വീകരിക്കും.