
കേരള വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവിയുടെ അധ്യക്ഷതയില്‍ സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 23 പരാതികള്‍ തീര്‍പ്പാക്കി. 80 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. 44 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. രണ്ട് പരാതികളില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയതായി ഒരു പരാതി സ്വീകരിച്ചു.
ദാമ്പത്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ കൗണ്‍സലിംഗിന് ഇന്ന് വളരെ പ്രാധാന്യമുണ്ടെന്ന് അദാലത്തിനുശേഷം വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കുടുംബാന്തരീക്ഷവുമായി ബന്ധപ്പെട്ട പരാതികളില്‍ പലപ്പോഴും കുടുംബക്കാര്‍ ചേര്‍ന്ന് ബന്ധം വഷളാക്കുകയാണ്. ഭര്‍തൃഗൃഹത്തില്‍ എല്ലാം സഹിച്ചു ജീവിക്കാന്‍ ഇന്ന് പെണ്‍കുട്ടികള്‍ തയ്യാറാകില്ല. അതു പരിഹരിക്കണമെങ്കില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ പരസ്പരം മനസ്സിലാക്കി ജീവിക്കാന്‍ സാധിക്കണം. വനിതാ കമ്മീഷനില്‍ ലഭിച്ച പരാതിയില്‍ കൗണ്‍സലിംഗ് നല്‍കിയത് മൂലം ഭാര്യയും ഭര്‍ത്താവും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
കൗണ്‍സലിംഗ് ആവശ്യമുള്ളവര്‍ക്കായി വനിതാ കമ്മീഷന്‍ ഓഫീസില്‍ ഈ സേവനം ലഭ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കൗണ്‍സലിംഗിന് സ്ഥിരമായ സംവിധാനം ഒരുക്കണം.
ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്ക് വലിയ മാനസിക സന്ദര്‍ശനം ഉണ്ടാക്കുന്നുണ്ട്. ഇവര്‍ തമ്മില്‍ സൗഹൃദപരമായ അന്തരീക്ഷം വേണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി തലത്തില്‍ കുടുംബാന്തരീക്ഷം ആരോഗ്യകരമാക്കുന്നതിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
തൊഴിലിടങ്ങളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് മറ്റൊരു പ്രധാന കാര്യം. അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരെ ജോലിക്ക് നിയമിക്കുകയും കുറച്ചുകാലം കഴിഞ്ഞ് യാതൊരുവിധ കാരണം കാണിക്കാതെ പ്രകടനം നന്നായില്ല എന്നു പറഞ്ഞ് പിരിച്ചുവിടുന്ന സാഹചര്യവും ഉണ്ടാകുന്നുണ്ട്. ഇത്തരത്തില്‍ ദുരന്തം അനുഭവിക്കുന്നത് കൂടുതലും സ്ത്രീകളാണ്. തുച്ഛമായ വേതനം കൈപ്പറ്റി ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്ളത്. അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പും സേവനവേതന വ്യവസ്ഥകളും സംബന്ധിച്ച് കൃത്യമായ മാനദണ്ഡം വേണം. ഇതിന് സര്‍ക്കാര്‍ ഇടപെടണമെന്നും ചെയര്‍പേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു മാനദണ്ഡവും ഇല്ലാതെ അധ്യാപകരെ നിയമിക്കുകയും അവര്‍ക്ക് അപ്പ്രൂവ് നല്‍കാത്ത സാഹചര്യവും ഉണ്ടാകുന്നു. എയ്ഡഡിനും അധ്യാപക നിയമനത്തിന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണം.
തൊഴിലിടങ്ങളിലെ മാനസിക പീഡനങ്ങള്‍ സംബന്ധിച്ച് പരാതി കമ്മിറ്റികള്‍ ഇല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ തൊഴിലിടങ്ങളില്‍ നിര്‍ബന്ധമായും ഇന്റേണല്‍ കമ്മിറ്റികള്‍ ഉറപ്പുവരുത്താന്‍ തൊഴിലുടമകള്‍ ശ്രദ്ധിക്കണമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
വനിതാ കമ്മീഷന്‍ മെമ്പര്‍മാരായ അഡ്വ എലിസബത്ത് മാമ്മന്‍ മത്തായി, വി ആര്‍ മഹിളാമണി, കമ്മീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, പാനല്‍ അഭിഭാഷകരായ അഡ്വ കെ ബി രാജേഷ്, അഡ്വ സ്മിത ഗോപി, അഡ്വ വി എ അമ്പിളി, കൗണ്‍സലര്‍ പ്രമോദ് തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.