
കോഴിക്കോട്: സപ്തംബർ 23ന് നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന പച്ചാട്ട് വിനോദ് കുമാർ (60) മരിച്ച സംഭവത്തിൽ കടലുണ്ടി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രി ആർഎംഒ ആയിരുന്ന വ്യാജ ഡോക്ടർ അറസ്റ്റിൽ. എംബിബിഎസ് പാസാകാത്ത പത്തനംതിട്ട തിരുവല്ല സ്വദേശി എബ്രഹാം ലൂക്ക്. വിനോദ് കുമാറിനെ ചികിത്സിച്ചത് ഇയാളാണ്. വഞ്ചന, ആൾമാറാട്ടം, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമപ്രകാരമുള്ള വകുപ്പുകളാണ് എബ്രഹാം ലൂക്കിനെതിരെ ചുമത്തിയിരിക്കുന്നത്.
ആശുപത്രി അധികൃതരുടെ മൊഴിയും രേഖപ്പെടുത്തി. എംബിബിഎസ് പാസാകാത്തയാളെ കൃത്യമായ അന്വേഷണം നടത്താതെ ഡോക്ടറായി നിയമിച്ചതിൽ വീഴ്ചയുണ്ടായെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.വിനോദ് കുമാറിൻ്റെ മകൻ അശ്വിൻ പി വിനോദ് പിജി ഡോക്ടറും ഭാര്യ മാളവികയും ഡോക്ടറുമാണ്. വിനോദ് കുമാറിൻ്റെ മരണത്തിൽ സംശയം തോന്നിയ അശ്വിനും മാളവികയും നടത്തിയ അന്വേഷണത്തിലാണ് എബ്രഹാം ലൂക്ക് എംബിബിഎസ് ഫൈനൽ പരീക്ഷ പാസായില്ലെന്ന് കണ്ടെത്തിയത്.