തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാജ മുൻഗണനാ റേഷൻ കാർഡ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ, പ്രതികൾ ഓരോ കാർഡിനും 1000 രൂപ മുതൽ 3000 രൂപ വരെ ഈടാക്കിയതായി കണ്ടെത്തി. ബീമാപള്ളിയിലെ 234-ാം നമ്പർ റേഷൻകടയുടമയായ സഹദ്ഖാൻ്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്.ബീമാപള്ളി, പൂന്തുറ എന്നിവിടങ്ങളിൽ 150 വ്യാജ റേഷൻ കാർഡുകളാണ് ഇവർ ഉണ്ടാക്കി നൽകിയത്. മുഖ്യപ്രതിയായ സഹദ്ഖാൻ ബിടെക് ബിരുദധാരിയാണ്. ഇയാൾ നിലവിൽ റിമാൻഡിലാണ്.
മുൻഗണന ഇതര വിഭാഗത്തിലെ വെള്ള, നീല കാർഡ് ഉടമകളെയാണ് വ്യാജമായി മുൻഗണനാ കാർഡ് (പിങ്ക്) വിഭാഗത്തിലേക്ക് മാറ്റിയത്.
അപേക്ഷ നൽകിയ ശേഷം റേഷൻ കാർഡ് മാനേജിങ് വെബ്സൈറ്റിലെ പാസ്‌വേർഡും ഡാറ്റാബേസിലെ വിവരങ്ങളും ചോർത്തിയാണ് കാർഡുകൾ മാറ്റി നൽകിയിരുന്നത്.ജൂൺ മാസം മുതലാണ് തട്ടിപ്പ് ആരംഭിച്ചത്. വ്യാജ കാർഡ് ലഭിച്ച പലരും റേഷൻ കടയിൽനിന്ന് ഭക്ഷ്യസാധനങ്ങൾ വാങ്ങുകയും ചെയ്തിട്ടുണ്ട്.
ഭക്ഷ്യവകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെത്തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.ഭക്ഷ്യവകുപ്പിൻ്റെ പരാതിയിൽ വഞ്ചിയൂർ പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.കാർഡുകൾ ലഭിച്ച 25 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ബാക്കിയുള്ളവരെ തുടർദിവസങ്ങളിൽ സ്റ്റേഷനിലേക്ക് വിളിപ്പിക്കും.സഹദ്ഖാന് വേറെ ആളുകളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിൻ്റെ സൂചന.