നിമിഷപ്രിയയുടെ പേരില്‍ വ്യാജ പണപ്പിരിവ് ; ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി |fund raising fraud

സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയത് .
fake-fundraising
Published on

തിരുവനന്തപുരം : യമനിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി സംഭാവന അഭ്യർഥിച്ചുകൊണ്ടുള്ള വ്യാജ പോസ്റ്റിനെതിരെ സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. നിമിഷപ്രിയയുടെ പേരില്‍ പിരിവ് നടത്തുന്ന കെ എ പോളിനെതിരെ കേസെടുക്കണം എന്നാണ് ആവശ്യം.

ആക്ഷന്‍ കൗണ്‍സില്‍ അംഗവും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. സുഭാഷ് ചന്ദ്രനാണ് പരാതി നല്‍കിയത്.ഡോ. കെ എ പോൾ എന്ന വ്യക്തിയുടെ പേരിലുള്ള എക്സ് ഹാൻഡിൽ വഴിയാണ് വ്യാജ ധനസമാഹരണ പോസ്റ്റ് പ്രചരിപ്പിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി വിദേശകാര്യ മന്ത്രാലയത്തിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം അയക്കാം എന്നറിയിച്ചായിരുന്നു പോസ്റ്റ്.

പണപ്പിരിവ് തട്ടിപ്പാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം എക്സ് പോസ്റ്റിലൂടെ അറിയിച്ചു. ഡോ. കെ എ പോള്‍ എന്ന എക്‌സ് അക്കൗണ്ടില്‍ നിന്നാണ് നിമിഷപ്രിയയെ രക്ഷിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടുളള പോസ്റ്റ് വന്നത്. 8.3 കോടി രൂപ വേണമെന്നാണ് പോസ്റ്റില്‍ പറഞ്ഞിട്ടുളളത്.

മലയാളി പ്രവാസിയുടെ പേരിൽ കോടിക്കണക്കിന് രൂപ കേരളീയ സമൂഹത്തിൽ നിന്നും വിവിധ ഇന്ത്യക്കാരിൽ നിന്നും അനധികൃതവും കുറ്റകരവുമായി പിരിച്ചെടുക്കാനാണ് കെ എ പോൾ ശ്രമിക്കുന്നതെന്നും ഇത്തരം വ്യാജ അഭ്യർഥനകൾക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നും സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ പരാതിയിൽ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com