കണ്ണൂർ: ചെളിയിൽ താഴ്ന്ന പൊലീസ് ജീപ്പ് തള്ളാൻ സഹായിക്കാത്തതിന്റെ പേരിൽ മാലമോഷണക്കേസിൽ കുടുക്കി ജയിലിലടച്ച പ്രവാസി താജുദ്ദീന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ് പൊലീസ് നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു.(Fake case against expatriate, High Court orders to pay Rs 14 lakh in compensation)
പൊലീസിന്റെ ജീപ്പ് ചെളിയിൽ താഴ്ന്നപ്പോൾ നടുവേദന കാരണം സഹായിക്കാൻ താജുദ്ദീൻ കാറിൽ നിന്നിറങ്ങിയില്ല. ഇതിൽ ഇവർ പ്രകോപിതർ ആവുകയായിരുന്നു. തന്റെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിക്കണമെന്നും നിരപരാധിയാണെന്നും അപേക്ഷിച്ചിട്ടും പൊലീസ് ചെവിക്കൊണ്ടില്ല.
മോഷണമുതലും ബൈക്കും കണ്ടെത്താനുണ്ടെന്ന് പറഞ്ഞ് ജാമ്യം തടഞ്ഞതോടെ 54 ദിവസം താജുദ്ദീന് കേരളത്തിൽ ജയിലിൽ കിടക്കേണ്ടി വന്നു. ഖത്തറിലെ ജോലി നഷ്ടമായി. നാട്ടിലെ കേസ് കാരണം അബ്‌സ്‌കോണ്ടിങ്ആയി കണക്കാക്കി ഖത്തറിലും 23 ദിവസം ജയിലിൽ കിടക്കേണ്ടി വന്നു.
കോടതി നിർദ്ദേശപ്രകാരം നടന്ന സമാന്തര അന്വേഷണത്തിലാണ് മറ്റൊരു മോഷണക്കേസിൽ പിടിയിലായ പീതാംബരൻ എന്നയാളാണ് യഥാർത്ഥ പ്രതിയെന്ന് തെളിഞ്ഞത്. ഇതോടെയാണ് താജുദ്ദീന്റെ നിരപരാധിത്വം വെളിച്ചത്തായത്. 14 ലക്ഷം രൂപ സർക്കാർ നൽകണം. ഈ തുക കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ ഈടാക്കാവുന്നതാണ്.