കൊച്ചി: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി. വിമാനത്തിലെ ശുചിമുറിക്കുള്ളിലെ ടിഷ്യു പേപ്പറിൽ 'ബോംബ്' എന്നെഴുതി വെച്ചതാണ് ആശങ്കയ്ക്ക് കാരണമായത്. തിങ്കളാഴ്ച രാത്രി 7.14-ന് കൊച്ചിയിലെത്തിയ വിമാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.( Fake bomb threat on Dubai-Kochi Air India flight)
വിമാനം പറന്നുകൊണ്ടിരിക്കെയാണ് ജീവനക്കാർ ശുചിമുറിയിൽ ടിഷ്യു പേപ്പറിൽ ഇംഗ്ലീഷിൽ ബോംബ് എന്ന് എഴുതിയിരിക്കുന്നത് കണ്ടത്. യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്താതെ അതീവ രഹസ്യമായാണ് ജീവനക്കാർ നീങ്ങിയത്. യാത്രക്കാരെ വിവരം അറിയിക്കാതെ തന്നെ ജീവനക്കാർ എയർ ട്രാഫിക് കൺട്രോൾ ടവർ മുഖേന വിമാനത്താവള അധികൃതർക്ക് സന്ദേശം നൽകി.
സന്ദേശം ലഭിച്ച ഉടൻ കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാ ഏജൻസികളുടെ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്ത ഉടൻ തന്നെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് ബോംബ് സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനം അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും അപകടകരമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ല.