കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് പ്രദേശത്ത് വൻ സംഘർഷം. സംഘർഷത്തിനിടെ ഫാക്ടറിക്ക് തീയിട്ടു. കോഴിക്കോട് റൂറൽ എസ്.പി ഉൾപ്പെടെ ഇരുപതിലധികം പോലീസുകാർക്കും നിരവധി നാട്ടുകാർക്കും പരിക്കേറ്റിട്ടുണ്ട്.(Factory set on fire in Kozhikode )
താമരശ്ശേരി അമ്പായത്തോടിലെ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെ പ്രദേശവാസികൾ ദീർഘനാളായി പ്രതിഷേധത്തിലാണ്. ഫാക്ടറിയിൽ നിന്ന് പുറത്തുവരുന്ന ദുർഗന്ധം മൂന്ന് പഞ്ചായത്തുകളിലെ ജനജീവിതം ദുസ്സഹമാക്കുന്നുവെന്നാണ് പ്രധാന പരാതി.
നാട്ടുകാർ നടത്തിയ പ്രതിഷേധമാണ് ഇന്ന് വലിയ സംഘർഷത്തിലേക്ക് വഴിമാറിയത്. കല്ലേറുണ്ടായതിനെ തുടർന്ന് താമരശ്ശേരി എസ്.എച്ച്.ഒ ഉൾപ്പെടെയുള്ള പോലീസുകാർക്ക് പരിക്കേറ്റു. ഇതോടെ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. പരിക്കേറ്റ എസ്.പി ഉൾപ്പെടെയുള്ളവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സംഘർഷത്തിനിടെ ഫാക്ടറിക്ക് തീയിട്ടതോടെ കെട്ടിടത്തിൽ നിന്ന് ഇപ്പോഴും തീ ഉയരുകയാണ്. തീ അണയ്ക്കാൻ സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് വാഹനത്തെ പ്രതിഷേധക്കാർ തടഞ്ഞതിനാൽ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. സ്ത്രീകളടക്കമുള്ള നിരവധി നാട്ടുകാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. നേരത്തെയും ഫാക്ടറിക്കെതിരെ പ്രതിഷേധങ്ങൾ നടന്നിരുന്നുവെങ്കിലും ഇത്രയും വലിയ സംഘർഷം ഉണ്ടാകുന്നത് ഇതാദ്യമാണ്.
സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. പോലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.