

കക്കാടംപൊയിൽ: ചാലിയാർ ഗ്രാമപഞ്ചായത്ത് വാളൻ തോടിൽ പ്രവർത്തിക്കുന്ന ഫാക്ടറിക്ക് തീ പിടിച്ചു. അഹമ്മദ് കുട്ടി , മംഗലത്ത് ഹൗസ് , കൊണ്ടോട്ടി എന്നയാളുടെ ഉടമസ്ഥതയിലുള്ള കൊളോജൻ മറൈൻ പ്രൊഡക്ട്സ് എന്ന ഫാക്ടറിയിലാണ് അഗ്നിബാധ ഉണ്ടായത്. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ഫാക്ടറിയിൽ വെൽഡിംഗ് പ്രവർത്തികൾ നടക്കുന്നതിനിടയിൽ തീപടരുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അവധി ആയിരുന്നതിനാൽ ഫാക്ടറിൽ തൊഴിലാളികളും കുറവായിരുന്നു. കക്കാടം പൊയിൽ കാണാനെത്തിയ നരിക്കുന്നി അഗ്നിരക്ഷാനിലയത്തിലെ ഫയർമാൻ നിതിൻ വട്ട്യാലത്ത് , ഫാക്ടറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട ഉടൻ തന്നെ ഫാക്ടറിയിലെത്തുകയും ഫാക്ടറിയിൽ സ്ഥാപിച്ചിരുന്ന ഫയർ സേഫ്റ്റി സംവിധാനം ഉപയോഗിച്ച് തീ അണക്കാൻ ശ്രമിക്കുകയും ചെയ്തു. ഫാക്ടറി മുഴുവനായും കത്തുകയും, വൻ ദുരന്തത്തിന് വഴിവായിക്കുകയും ചെയ്യുമായിരുന്നു സംഭവം നിതിൻ്റെ സമയോചിത പ്രവർത്തിയിലൂടെയാണ് ഒഴിവായത്. സംഭവ സ്ഥലത്തെത്തിയ മുക്കം അഗ്നി രക്ഷാസേന നിതിനെ പ്രത്യേകമായി അഭിനന്ദിച്ചു .