
നയ്‌റോബി: കെനിയയിലേക്ക് വിനോദയാത്രയ്ക്ക് പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ സംഭവത്തിൽ മരണമടഞ്ഞ മലയാളികളുടെ വിവരങ്ങൾ പുറത്തു വന്നു(Kenya bus accident). തിങ്കളാഴ്ച നാലുമണിയോടെയാണ് വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡർ പ്രദേശത്ത് 100 മീറ്റർ ആഴമുള്ള കൊക്കയിലേക്ക് ബസ് മറിഞ്ഞത്.
ഖത്തറിൽ നിന്ന് കെനിയയിലേക്ക് ബലിപെരുന്നാള്‍ അവധി ആഘോഷിക്കാൻ പോയ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ടത്. കനത്ത മഴയില്‍ നിയന്ത്രണം നഷ്ടമായ ബസ് പലതവണ മലക്കംമറിഞ്ഞാണ് കൊക്കയിലേക്ക് വീണതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കുത്തനെ ഇറക്കത്തിലുള്ള വളവും അപകടത്തിന് കരണമായതായാണ് വിവരം.
അപകടത്തിൽ 6 പേർക്ക് ജീവൻ നഷ്ടമാകുകയും 27 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മരണപ്പെട്ട 6 പേരിൽ അമ്മയും കുഞ്ഞും ഉൾപ്പടെ 5 പേരും മലയാളികളാണ്. പാലക്കാട് മണ്ണൂര്‍ സ്വദേശി റിയ(41), മകള്‍ ഡെയ്‌റ(ഏഴ്), തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്, തൃശ്ശൂര്‍ വെങ്കിടങ്ങ് സ്വദേശി ജസ്‌ന കുറ്റിക്കാട്ടുചാലില്‍(29), മകള്‍ റൂഫി മെഹ്‌റിന്‍ (ഒന്നരമാസം) എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. സംഘത്തിൽ ഉണ്ടായിരുന്ന 14 മലയാളികൾ ആശുപത്രയിൽ ചികിത്സയിൽ തുടരുകയാണ്.