'4.5 ലക്ഷം പരമ ദരിദ്രർ 64,000 ആയത് എന്ത് ചെപ്പടിവിദ്യ? അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമെന്നത് കള്ളക്കണക്ക് കൊണ്ടുള്ള തട്ടിപ്പ്, സിനിമാ താരങ്ങൾ വിട്ടു നിൽക്കണം': VD സതീശൻ | Poverty

അതിദരിദ്രരെ മാറ്റി നിർത്തി 'ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന' രീതിയാണ് സർക്കാർ സ്വീകരിച്ചതെന്ന് സതീശൻ വിമർശിച്ചു
'4.5 ലക്ഷം പരമ ദരിദ്രർ 64,000 ആയത് എന്ത് ചെപ്പടിവിദ്യ? അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമെന്നത് കള്ളക്കണക്ക് കൊണ്ടുള്ള തട്ടിപ്പ്, സിനിമാ താരങ്ങൾ വിട്ടു നിൽക്കണം': VD സതീശൻ | Poverty
Published on

തിരുവനന്തപുരം: അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമെന്ന കേരള സർക്കാരിന്റെ പ്രഖ്യാപനം 'കള്ളക്കണക്ക് കൊണ്ടുള്ള കൊട്ടാരം പണിയലും തട്ടിപ്പുമാണ്' എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് പരാജയം ഉറപ്പായപ്പോൾ സർക്കാർ പി.ആർ. സംവിധാനങ്ങളുടെ മറവിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.(Extreme poverty statement is a fraud with fake figures, says VD Satheesan)

പ്രകടനപത്രികയിലെയും ഔദ്യോഗിക കണക്കുകളിലെയും വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വി.ഡി. സതീശൻ സർക്കാരിനെതിരെ ആഞ്ഞടിച്ചത്. എൽ.ഡി.എഫ്. പ്രകടനപത്രികയിലെ 215-ാമത്തെ ഇനമായി പറഞ്ഞിരുന്ന 4.5 ലക്ഷം പരമ ദരിദ്രരുടെ എണ്ണം എങ്ങനെയാണ് 64,000 ആയി കുറഞ്ഞത്? ഇത് എന്ത് ചെപ്പടിവിദ്യയിലൂടെയാണ് സംഭവിച്ചത്?

64,000 പേരുടെ പട്ടിക എന്ത് മാനദണ്ഡം (മെത്തഡോളജി) ഉപയോഗിച്ചാണ് ഉണ്ടാക്കിയത് എന്ന് സർക്കാർ വ്യക്തമാക്കണം. ഈ പട്ടിക തയ്യാറാക്കിയതിൽ ആസൂത്രണ ബോർഡിനും സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പിനും പങ്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

സർക്കാർ ഒഴിവാക്കിയ ഒരു ലക്ഷത്തിൽ അധികം ആദിവാസി കുടുംബങ്ങളെല്ലാം ഇപ്പോൾ സുരക്ഷിതരാണോ? 2011 സെൻസസ് പ്രകാരം 1.16 ലക്ഷം ആദിവാസി കുടുംബങ്ങളുള്ള കേരളത്തിൽ, പുതിയ പട്ടികയിൽ 6,400 പേർ മാത്രമാണ് ഉൾപ്പെട്ടത്. അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന് പ്രഖ്യാപിച്ചാൽ, 6 ലക്ഷത്തോളം എ.എ.വൈ. കാർഡ് ഉടമകൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന റേഷൻ ഉൾപ്പെടെയുള്ള സഹായം ഇല്ലാതാകില്ലേ എന്നാണ് സതീശന്റെ ചോദ്യം.

ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിട്ടുള്ള 5,91,368 പേരിൽ പലർക്കും ഇനിയും വീട് നൽകിയിട്ടില്ല. എന്നിട്ടാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഈ പ്രഖ്യാപനം നടത്തുന്നത്. അധികാരത്തിൽ വന്നാൽ സാമൂഹിക സുരക്ഷാ പെൻഷൻ 2,500 രൂപയാക്കുമെന്ന് പറഞ്ഞ സർക്കാർ നാലരക്കൊല്ലം ഒരു രൂപ പോലും കൂട്ടിയില്ല. ഇപ്പോൾ 2,000 രൂപയാക്കിയെന്ന് കൊട്ടിഘോഷിക്കുന്നത് മലയാളികളുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. ആശാ വർക്കർമാരോടും അങ്കണവാടി പ്രവർത്തകരോടും നാലരക്കൊല്ലം പുച്ഛമായിരുന്നു. തോറ്റ് തുന്നംപാടുമെന്ന് വ്യക്തമായപ്പോഴാണ് പാവങ്ങളെ സഹായിക്കാൻ സർക്കാരിന് തോന്നിയത്, അദ്ദേഹം തുറന്നടിച്ചു.

അതിദരിദ്രരെ മാറ്റി നിർത്തി 'ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന' രീതിയാണ് സർക്കാർ സ്വീകരിച്ചതെന്ന് സതീശൻ വിമർശിച്ചു. കേരളത്തിൽ അതിദരിദ്രരും പരമ ദരിദ്രരും നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ തട്ടിപ്പ് പ്രഖ്യാപനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിന്റെ കാപട്യം തിരിച്ചറിഞ്ഞ്, ഈ തട്ടിപ്പ് പ്രഖ്യാപനത്തിൽ നിന്നും സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ വിട്ടുനിൽക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com