അതിദാരിദ്ര്യ നിർമാജനം, മാലിന്യ മുക്തം, പാലിയേറ്റീവ് കെയർ: മുഖ്യമന്ത്രി തദ്ദേശസ്ഥാപന പ്രതിനിധികളുമായി ചർച്ച നടത്തി

അതിദാരിദ്ര്യ നിർമാജനം, മാലിന്യ മുക്തം, പാലിയേറ്റീവ് കെയർ: മുഖ്യമന്ത്രി തദ്ദേശസ്ഥാപന പ്രതിനിധികളുമായി ചർച്ച നടത്തി
Published on

അതിദാരിദ്ര്യ നിർമാർജനം, മാലിന്യ മുക്ത നവകേരളം, പാലിയേറ്റീവ് കെയർ എന്നീ വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി ചർച്ച നടത്തി. 2025 മാർച്ച് 30ന് സമ്പൂർണ ശുചിത്വ കേരള പ്രഖ്യാപനം നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. അതുപോലെതന്നെ 2025 നവംബർ ഒന്നിന് കേരളത്തെ അതിദാരിദ്ര്യ വിമുക്തമായി പ്രഖ്യാപിക്കാനും കഴിയണം. ഇതിനാവശ്യമായ നടപടികൾ തദ്ദേശസ്ഥാപനങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

64,006 കുടുംബങ്ങളിലായി 1,03,099 പേർ അതിദരിദ്രരാണെന്ന് കണ്ടെത്തി. 1,032 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായാണ് ഇവരെ കണ്ടെത്തിയത്. നിലവിൽ 40,180 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിനുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗത ഉണ്ടാവണം. അതിന് ചെയ്യേണ്ട കാര്യങ്ങൾ തദ്ദേശസ്ഥാപന ഭരണ സമതികൾ ആലോചിക്കണം. പൂർത്തീകരിക്കേണ്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സമയക്രമം നിശ്ചയിച്ച് പ്രവർത്തന രൂപരേഖ തയ്യാറാക്കണം. ഭക്ഷണ ദൗർലഭ്യം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭക്ഷണം ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഗുണമേൻമാധിഷ്ഠിത സേവനം ലഭ്യമാകുന്നുവെന്ന് തദ്ദേശസ്ഥാപനതലത്തിലെ ഉപസമിതി ഉറപ്പാക്കണം. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകേണ്ട 40 ഗുണഭോക്താക്കൾക്ക് ആവശ്യമായ അവയവങ്ങൾ ലഭ്യമാക്കുന്നതിന് പ്രത്യേക പരിഗണന നൽകണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ഇക്കാര്യത്തിൽ തങ്ങൾക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് നിശ്ചയിക്കണം. വരുമാനം ക്ലേശഘടകമായി കണ്ടെത്തിയ കുടുംബങ്ങളിൽ 521 കുടുംബങ്ങൾക്ക് വരുമാനദായക പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന് നടപടികൾ കൈക്കൊള്ളണം. ആരോഗ്യപരമായ കാരണങ്ങളാൽ തൊഴിലെടുക്കാൻ സാധിക്കില്ലെന്ന് കണ്ടെത്തിയ 923 കുടുംബങ്ങൾക്ക് വരുമാനം കണ്ടെത്തുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കണം.

Related Stories

No stories found.
Times Kerala
timeskerala.com