
തിരുവനന്തപുരം : ഓണക്കാലത്ത് ക്ഷീരകർഷകർക്ക് ആശ്വാസം നൽകുന്ന തീരുമാനവുമായി മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ, ഒരു ലിറ്റർ പാലിന് ഒൻപത് രൂപ വീതം അധിക വില നൽകാൻ യൂണിയൻ ഭരണസമിതി തീരുമാനമെടുത്തതായി ചെയർമാൻ മണി വിശ്വനാഥ് വ്യക്തമാക്കി. ഇതിൽ ഏഴുരൂപ ക്ഷീരസംഘങ്ങൾക്ക് അധിക പാൽവിലയായി അനുവദിക്കും. രണ്ട് രൂപ മേഖലാ യൂണിയനിൽ സംഘത്തിന്റെ അധിക ഓഹരി നിക്ഷേപമായി സ്വീകരിക്കുകയും ചെയ്യുമെന്നാണ് വ്യക്തമാക്കുന്നത്.
ക്ഷീര സംഘങ്ങൾക്ക് നൽകുന്ന ഏഴു രൂപയിൽ അഞ്ചുരൂപ ക്ഷീര കർഷകർക്ക് നൽകണം. സംഘങ്ങളുടെ കൈകാര്യ ചെലവിനായി രണ്ട് രൂപ വിനിയോഗിക്കാം. 2024 ജൂലായിൽ സംഘങ്ങൾ യൂണിയന് നൽകിയ പാലളവിന് ആനുപാതികമായി ആഗസ്റ്റിലെ പാൽവിലയോടൊപ്പമായിരിക്കും ഇപ്പോൾ പ്രഖ്യാപിച്ച ഇൻസെന്റീവ് നൽകുക. ഇതോടെ തിരുവനന്തപുരം മേഖലാ യൂണിയന്റെ പരിധിയിലുള്ള ക്ഷീരസംഘങ്ങൾക്ക് ലഭിക്കുന്ന ശരാശരി പാൽവില ഒരു ലിറ്ററിന് 53.76 രൂപയായി വർദ്ധിക്കും.