
കാസര്‍കോട്: നിരവധി നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയ ചിട്ടി ഫണ്ട് തട്ടിപ്പുകാരന്‍ പൊലീസിന്റെ അറസ്റ്റിൽ. 2022 ജൂണ്‍ മുതല്‍ ഒളിവില്‍ പോയ കുഞ്ഞിച്ചന്തു മേലത്ത് നായര്‍(67) ആണ് അമ്പത്തല പൊലീസിന്റെ അറസ്റ്റിലായത്.
കോട്ടയം ആസ്ഥാനമായുള്ള സിഗ്‌സ് ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും കാസര്‍കോട് ചെമനാട് പഞ്ചായത്തിലെ പെരുമ്പള സ്വദേശിയുമാണ് കുഞ്ഞിച്ചന്തു മേലത്ത് നായര്‍. സിഗ്‌സില്‍ നിക്ഷേപിച്ച പണം ഇടപാടുകാര്‍ക്ക് നല്‍കാതെ സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നുവെന്നാണ് ഇയാൾക്കെതിരായ കേസ്.
18 ശതമാനം വരെ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് നിക്ഷേപമായി പലരില്‍ നി്ന്നും വാങ്ങിയത്. നീലേശ്വരത്ത് ഓഫീസ് തുറന്നാണ് ജില്ലയില്‍ നിന്നും നിക്ഷേപകരെ കണ്ടെത്തിയത്. 2018ല്‍ നീലേശ്വരം പൊലീസാണ് കുഞ്ഞിച്ചന്തു മേലത്ത് നായര്‍ക്കെതിരെ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്യുന്നത്. അന്ന് കുഞ്ഞിച്ചന്തു മേലത്ത് നായരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീടാണ് പരാതി പ്രവാഹം വരുന്നത്. പിന്നീടാണ് കുഞ്ഞിച്ചന്തു മേലത്ത് നായര്‍ ഒളിവില്‍ പോയത്.
മൂന്നാം മൈലിലെ ഭാര്യ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിച്ചന്തു മേലത്ത് നായരെ അറസ്റ്റ് ചെയ്യുന്നത്. കര്‍ണാടകയില്‍ ജോലിയെടുത്ത് വേറൊരു വ്യക്തിത്വത്തില്‍ ജീവിക്കുകയായിരുന്നുവെന്ന് അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.