സംസ്ഥാനത്ത് വ്യാപക പരിശോധന ; പിടിച്ചെടുത്തത് 17,000 ലിറ്റർ വ്യാജ വെളിച്ചെണ്ണ |fake coconut oil

469 സാമ്പിളുകള്‍ ശേഖരിച്ച് നടപടികള്‍ സ്വീകരിച്ചു.
fake coconut oil
Published on

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനകളില്‍ 17,000ത്തോളം ലിറ്റർ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. 469 സാമ്പിളുകള്‍ ശേഖരിച്ച് നടപടികള്‍ സ്വീകരിച്ചു. 25 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കേരസൂര്യ, കേര ഹരിതം, കുട്ടനാടന്‍ കേര തുടങ്ങിയ പേരിലുള്ള വെളിച്ചെണ്ണ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു.

കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ സംസ്ഥാനത്ത് 21,030 ഭക്ഷ്യ സുരക്ഷാ പരിശോധനകളാണ് നടത്തിയത്. 331 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. 1613 സ്ഥാപനങ്ങളില്‍ നിന്നും 63 ലക്ഷം രൂപയുടെ പിഴ ഈടാക്കി. കൂടുതല്‍ സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്തും.

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ ശക്തമാക്കും. ഓണക്കാലത്ത് സംസ്ഥാനത്ത് നിര്‍മ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍ക്കുന്നതുമായ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി അടുത്ത ആഴ്ച മുതല്‍ എല്ലാ ജില്ലകളിലും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധനകള്‍ കര്‍ശനമാക്കും. രാത്രികാല പരിശോധനയും ഉണ്ടാകും. തട്ടുകടകള്‍ കൂടി കേന്ദ്രീകരിച്ച് കര്‍ശന പരിശോധന ഉറപ്പാക്കാനും മന്ത്രി വീണാ ജോർജ് നിര്‍ദേശം നല്‍കി.

മാര്‍ക്കറ്റുകള്‍, ഭക്ഷണ ശാലകള്‍, വഴിയോര ഭക്ഷണ ശാലകള്‍, ബേക്കിംഗ് യൂണിറ്റുകള്‍, കേറ്ററിംഗ് യൂണിറ്റുകള്‍ എന്നിവയ്ക്ക് പരിശോധനയില്‍ പ്രത്യേക ഊന്നല്‍ നല്‍കും. ഭക്ഷ്യ എണ്ണകള്‍, നെയ്യ്, ശര്‍ക്കര, പാല്‍, പാലുല്‍പ്പന്നങ്ങള്‍, പായസം മിശ്രിതം, ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, വിവിധതരം ചിപ്‌സ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുക. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലായിരിക്കും ജില്ല തിരിച്ചുള്ള സ്‌ക്വാഡ് രൂപീകരിക്കുക.

ജില്ലാതലത്തിൽ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരും മേഖലാ തലത്തിൽ ഡെപ്യൂട്ടി കമ്മീഷണർമാരും തങ്ങളുടെ അധികാര പരിധിയിൽ വരുന്ന ജില്ലകളിൽ സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധനകൾ ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പു വരുത്തും. ഓണം ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ലാ ആസ്ഥാനത്ത് ഒരു സ്‌ക്വാഡ് രൂപീകരിക്കാനും നിർദേശം നൽകി.

Related Stories

No stories found.
Times Kerala
timeskerala.com