
കോട്ടയം: ഈരാറ്റുപേട്ട നടക്കൽ കുഴിവേലിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗോഡൗണിൽ നിന്ന് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. ഈരാറ്റുപേട്ട പൊലീസ് നടത്തിയ പരിശോധനയിൽ ജലാറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക്, നോൺ ഇലക്ട്രിക് ഡിറ്റനേറ്ററുകൾ ഉൾപ്പെടെ നിരവധി സ്ഫോടവസ്തുക്കളാണ് കണ്ടെത്തിയത്. അനധികൃത പാറ മടകളിലേക്ക് എത്തിക്കാൻ സൂക്ഷിച്ചതാണെന്നാണ് പൊലീസ് നിഗമനം. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷിബിലിയും കൂട്ടാളിയുമാണ് ഈ കെട്ടിടം വാടകക്ക് എടുത്തിരുന്നത്.
കഴിഞ്ഞ ദിവസം 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിൻ സ്റ്റിക്കുകളുമായി ഈരാറ്റുപേട്ട സ്വദേശി ഷിബിലിയെ കട്ടപ്പനയിൽ നിന്ന് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് ഈരാറ്റുപേട്ട നടക്കൽ കുഴിവേലിൽ റോഡിലെ ഗോഡൗണിൽ കൂടുതൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതായി വിവരം ലഭിച്ചത്.