തിരുവനന്തപുരം: ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ബാലരാമപുരം മംഗലത്തുകോണം കാട്ടുനട ക്ഷേത്രത്തിലേക്കാണ് ഇന്നലെ (ഒക്ടോബർ 23) ഉച്ചയ്ക്ക് ഒരുമണിയോടെ സ്ഫോടക വസ്തു എറിഞ്ഞത്.(Explosive thrown at temple, police searching for suspects)
സംഭവത്തിന്റെ ദൃശ്യങ്ങൾ
ടാക്സി സർവീസ് നടത്തുന്ന ഓട്ടോറിക്ഷയിലെത്തിയ അക്രമികൾ ക്ഷേത്രത്തിലേക്ക് സ്ഫോടക വസ്തു എറിയുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സഹിതം മംഗലത്തുകോണം കാട്ടുനട ക്ഷേത്ര ഭരണസമിതി ബാലരാമപുരം പോലീസിൽ പരാതി നൽകി.
ക്ഷേത്രത്തിന്റെ പുതിയ നടപ്പന്തലിന് സമീപം കാണിക്ക വഞ്ചിക്ക് മുന്നിലേക്കാണ് പ്രതികൾ ആദ്യം സ്ഫോടക വസ്തു എറിഞ്ഞത്. എന്നാൽ അത് പൊട്ടിയില്ല. ഇത് തിരിച്ചറിഞ്ഞ പ്രതികൾ വാഹനത്തിൽ തിരികെ വന്ന് വീണ്ടും സ്ഫോടകവസ്തു എറിയുകയായിരുന്നു. ഈ ദൃശ്യങ്ങൾ മുഴുവനായും പോലീസിന് കൈമാറിയിട്ടുണ്ട്.
പോലീസ് അന്വേഷണം
സ്ഥലത്ത് സംഘർഷമുണ്ടാക്കാൻ ബോധപൂർവം നടത്തിയ ആക്രമണമാണോ ഇതെന്ന സംശയം പോലീസിനുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെ ഓട്ടോറിക്ഷയുടെ ഉടമയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബാലരാമപുരം പോലീസ് അറിയിച്ചു.