കോഴിക്കോട്: നാദാപുരം പുറമേരി അറാംവെള്ളിയിൽ സ്കൂൾ ബസിന്റെ ടയർ കയറിയതിന് പിന്നാലെ റോഡിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. കുട്ടികളുമായി പോയ ബസ് സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് മുന്നോട്ട് നീങ്ങിയ ഉടനെയായിരുന്നു അപകടം. (Explosion on road as school bus passes by in Kozhikode)
രാവിലെ 9 മണിയോടെ സ്കൂൾ ബസ് അറാംവെള്ളി റോഡിലൂടെ കടന്നുപോകുമ്പോൾ ടയർ ഒരു വസ്തുവിൽ തട്ടി. തൊട്ടുപിന്നാലെ ഉഗ്രശബ്ദത്തോടെ സ്ഫോടനം നടക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട് ബസ് നിർത്തി ഡ്രൈവർ പരിശോധിച്ചപ്പോഴാണ് സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായത്. ബസിലുണ്ടായിരുന്ന കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിച്ച ശേഷമാണ് ഡ്രൈവർ പോലീസിൽ വിവരമറിയിച്ചത്.
നാദാപുരം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. സ്ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങൾ റോഡിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തിന്റെ തീവ്രതയും ഉപയോഗിച്ച സ്ഫോടകവസ്തു ഏതാണെന്നും കണ്ടെത്താൻ ഫോറൻസിക് പരിശോധന നടത്തും.