കോഴിക്കോട്: കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി എൻ.വി. ബാബുരാജ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. വാർത്താസമ്മേളനം നടത്തിയാണ് അദ്ദേഹം രാജിക്കാര്യം പ്രഖ്യാപിച്ചത്. സ്ഥാനാർഥി നിർണയത്തിലെ അപാകതകൾക്കും അഴിമതിക്കും എതിരെ രൂക്ഷമായ വിമർശനങ്ങളാണ് ബാബുരാജ് ഉന്നയിച്ചത്.(Explosion in Kozhikode Congress, DCC General Secretary NV Baburaj resigns)
എരഞ്ഞിപ്പാലം വാർഡിലെ സ്ഥാനാർഥി നിർണയത്തിൽ കെപിസിസി മാർഗരേഖകൾ അട്ടിമറിക്കപ്പെട്ടു എന്നാണ് ബാബുരാജിൻ്റെ പ്രധാന ആരോപണം. വാർഡ് കമ്മിറ്റി നൽകിയ പേരുകൾ പരിഗണിക്കാതെയാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്. എരഞ്ഞിപ്പാലം വാർഡിൽ 'നൂലിൽ കെട്ടി സ്ഥാനാർഥിയെ ഇറക്കി'. വാർഡുമായി ഒരു ബന്ധവുമില്ലാത്ത മുൻ ബ്ലോക്ക് സെക്രട്ടറിയെയാണ് സ്ഥാനാർഥിയാക്കിയത് എന്നും അദ്ദേഹം പറയുന്നു.
പരാജയം ഭയന്ന് കെപിസിസി ജനറൽ സെക്രട്ടറി മറ്റൊരു വാർഡിലേക്ക് ഒളിച്ചുപോയെന്നും അദ്ദേഹം ആരോപിച്ചു. "ഗ്രൂപ്പില്ലാത്തവർക്കും പെട്ടി തൂക്കി നടക്കാത്തവർക്കും കോൺഗ്രസിൽ പരിഗണനയില്ല." അഴിമതിയുടെ കാര്യത്തിൽ കോഴിക്കോട് സിപിഎം-കോൺഗ്രസ് നെക്സസ് ആണെന്നും ബാബുരാജ് ആരോപിച്ചു.
പ്രതികരിക്കാൻ കോൺഗ്രസിൽ ആളില്ലാതായി എന്നും, എന്നാൽ തത്കാലം മറ്റൊരു പാർട്ടിയിലേക്കും ഇല്ലെന്നും ബാബുരാജ് വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ ഈ രാജി കോഴിക്കോട് കോർപ്പറേഷനിൽ കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.