കാസർഗോഡ്: കോൺഗ്രസിലെ തദ്ദേശ തിരഞ്ഞെടുപ്പ് സീറ്റ് വിഭജന ചർച്ചകൾക്കിടെ ഡി.സി.സി. ഓഫീസിൽ നേതാക്കൾ തമ്മിൽ ഏറ്റുമുട്ടി. ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.(Explosion in Kasaragod Congress, DCC Vice President and Farmers' Organization President clash)
ഡി.സി.സി. വൈസ് പ്രസിഡൻ്റ് ജയിംസ് പന്തമാക്കനും കോൺഗ്രസിൻ്റെ കർഷക സംഘടനയായ ഡി.കെ.ടി.എഫ്. ജില്ലാ പ്രസിഡൻ്റ് വാസുദേവനും തമ്മിലായിരുന്നു സംഘർഷം. സമൂഹമാധ്യമങ്ങളിലും പാർട്ടി യോഗങ്ങളിലുമായി തുടർന്ന തർക്കം ഒടുവിൽ ഡി.സി.സി. ഓഫീസിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് എത്തുകയായിരുന്നു. ഏറ്റുമുട്ടലിനിടെ ഒരാൾ "നീ ചത്തുപറ്റിയില്ലെങ്കിൽ കൊന്നുകളയും" എന്ന് ഭീഷണിമുഴക്കിയതായും റിപ്പോർട്ടുണ്ട്.
കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് 'ഡി.ഡി.എഫ്.' എന്ന സംഘടനയുണ്ടാക്കി ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരിച്ചിരുന്ന ജയിംസ് പന്തമാക്കൻ കഴിഞ്ഞ വർഷമാണ് പാർട്ടിയിലേക്ക് തിരിച്ചെത്തിയത്. ഈ ഒത്തുതീർപ്പിൻ്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ഡി.സി.സി. വൈസ് പ്രസിഡൻ്റ് സ്ഥാനം നൽകിയത്.
അന്ന് ഒപ്പം വന്ന ഏഴ് പേർക്കും സീറ്റ് വേണമെന്ന ആവശ്യമാണ് ജയിംസ് പന്തമാക്കൻ ഉന്നയിച്ചത്. ഈ ആവശ്യത്തെ ഡി.സി.സി. ഭാരവാഹികൾ എതിർത്തെങ്കിലും അഞ്ച് സീറ്റ് നൽകാൻ ധാരണയായിരുന്നു. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ ഡി.സി.സി. പ്രസിഡൻ്റിനെതിരെ ജയിംസും ഒപ്പമുള്ളവരും വിമർശനം ഉന്നയിച്ചതോടെ നൽകുന്ന സീറ്റ് രണ്ടാക്കി ചുരുക്കാൻ ഡി.സി.സി. നേതൃത്വം തീരുമാനിച്ചു. ഇതേത്തുടർന്നുണ്ടായ ആക്ഷേപങ്ങളും തർക്കങ്ങളുമാണ് ഒടുവിൽ കയ്യാങ്കളിയിലേക്ക് എത്തിയത്.