ആലപ്പുഴ : ഐ.എച്ച്.ആർ.ഡി. എൻജിനീയറിങ് കോളജ് ബസിലെ ടർബോ ചാർജർ പൊട്ടിത്തെറിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം. കോളജ് ക്യാംപസിനെ ഞെട്ടിച്ചുകൊണ്ട് ഇന്നലെ വൈകിട്ട് 6.45-നാണ് അപകടമുണ്ടായത്.(Explosion in engineering college bus in Alappuzha, Mechanic dies tragically)
ചങ്ങനാശേരി മാമ്മൂട് വെളിയം കട്ടത്തറ സ്വദേശി കുഞ്ഞുമോൻ (60). ചങ്ങനാശേരി ചിത്ര വർക്‌ഷോപ്പിലെ ജീവനക്കാരനാണ്. ബസിന്റെ എൻജിന്റെ ശേഷി കൂട്ടുന്ന ടർബോ ചാർജർ മാറ്റി സ്ഥാപിച്ച ശേഷം സ്റ്റാർട്ടാക്കിയ ഉടനെയാണ് പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തെ തുടർന്ന് ബസിന്റെ ചില്ലുകൾ പൊട്ടി ചീളുകൾ ദൂരേക്ക് തെറിച്ചു വീഴുകയും വൻതോതിൽ പുക ഉയരുകയും ചെയ്തു.
ഡ്രൈവർ, പേരിശ്ശേരി സ്വദേശി സജീന്ദ്രൻ, ബസിനുള്ളിൽ ഉണ്ടായിരുന്നുവെങ്കിലും പുറത്തേക്കു ചാടിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സ്ഫോടനശബ്ദം കേട്ട് സമീപത്തെ ഫയർ സ്റ്റേഷനിലെ ജീവനക്കാർ ഓടിയെത്തി ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഗുരുതരമായി പരുക്കേറ്റ കുഞ്ഞുമോനെ ഫയർഫോഴ്സ് വാഹനത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് സി.പി.ആർ. നൽകിയെങ്കിലും സ്ഥിതി ഗുരുതരമായിരുന്നു. താലൂക്ക് ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.