തിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാൽ ക്ഷേത്ര പരിസരത്തെ ശുചിമുറി ബ്ലോക്കിന് സമീപം പൊട്ടിത്തെറിയുണ്ടായി. സംഭവത്തിൽ അറ്റകുറ്റപ്പണികൾക്കായി എത്തിയ രണ്ട് ജോലിക്കാർക്ക് നിസ്സാരമായി പരുക്കേറ്റു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.(Explosion in Attukal temple premises, 2 people injured)
ക്ഷേത്ര പരിസരത്തെ 25 ശുചിമുറികളുള്ള കെട്ടിടത്തിലാണ് സംഭവം നടന്നത്. ഉപയോഗിക്കാതെ കിടന്നിരുന്ന ഈ കെട്ടിടത്തിൽ വെൽഡിങ് ജോലികൾ നടന്നുവരികയായിരുന്നു. കെട്ടിടത്തിന്റെ പിൻഭാഗത്തെ സെപ്റ്റിക് ടാങ്കിൽ നിന്നുമാണ് പൊട്ടിത്തെറിയുണ്ടായത്. വെൽഡിങ്ങിനെത്തിയ രണ്ടുപേർക്കാണ് പരുക്കേറ്റത്. പൊട്ടിത്തെറിയുടെ ചൂടിൽ നിന്നും ഓടിമാറുന്നതിനിടെ വീണാണ് ഇവർക്ക് നിസ്സാര പരുക്കേറ്റത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
അപകടവിവരം അറിഞ്ഞ് ഫയർഫോഴ്‌സും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ബോംബ് സ്ക്വാഡ് അറിയിച്ചു. കാലങ്ങളായി ഉപയോഗിക്കാതെ കിടന്നതിനാൽ ശുചിമുറിയുടെ ടാങ്കിനുള്ളിൽ ഗ്യാസ് രൂപപ്പെട്ടിട്ടുണ്ടാകാം. കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് വെൽഡിങ് ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് തീപ്പൊരി സെപ്റ്റിക് ടാങ്കിലേക്ക് വീണതാകാം പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
കെട്ടിടത്തിന് ബലക്ഷയം മൂലം തകർച്ചയുണ്ടായതാകാനും സാധ്യതയുണ്ട്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായി ശുചിമുറികൾ തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായാണ് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത്.