കോഴിക്കോട് : പുറമേരിയിൽ സ്കൂൾ ബസ് കടന്നുപോകുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത് പടക്കമാണെന്ന് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെ പുറമേരി അറാംവെള്ളി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. (Explosion as school bus passes by in Kozhikode Confirmed to be a firecracker blast)
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ആരോ ഉപേക്ഷിച്ച പടക്കം ബസിന്റെ ടയർ കയറിയപ്പോൾ പൊട്ടിത്തെറിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളുമായി വരികയായിരുന്ന സ്കൂൾ ബസ് സ്ഫോടകവസ്തുവിന് മുകളിലൂടെ കയറി ഇറങ്ങിയ ഉടനെയായിരുന്നു സ്ഫോടനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ ബസിന്റെ ടയറിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും റോഡിൽ ചെറിയ കുഴി രൂപപ്പെടുകയും ചെയ്തു.
ഉഗ്ര ശബ്ദം കേട്ടതിനെത്തുടർന്ന് ഡ്രൈവർ ബസ് നിർത്തി പരിശോധിച്ചപ്പോഴാണ് സ്ഫോടകവസ്തുവാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കുട്ടികളെ സുരക്ഷിതമായി സ്കൂളിലെത്തിച്ച ശേഷം അദ്ദേഹം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.