
തിരുവനന്തപുരം: ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന പ്രമേഹത്തെ പ്രതിരോധിക്കാന്‍ തുടര്‍ച്ചയായ ഗ്ലൂക്കോസ് നിരീക്ഷണം (സിജിഎം) വ്യാപിപ്പിക്കണമെന്ന സന്ദേശം നല്‍കിക്കൊണ്ട് കോവളത്തെ ഉദയ സമുദ്ര ഹോട്ടലില്‍ നടന്ന ജ്യോതിദേവ്‌സ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഫോറം ഡയബറ്റീസ് അപ്‌ഡേറ്റ് (ജെപിഇഎഫ്) സമാപിച്ചു. അമിതവണ്ണത്തിനും പ്രമേഹത്തിനുമെതിരേയുള്ള ഇന്ത്യയുടെ പ്രതിരോധത്തിനു കരുത്തേകുന്ന ഡ്രീംസ് പ്രാക്ടിക്കല്‍സ് 2.0, ഡ്രീംസ് ഗുരു പ്രോജക്റ്റ് എന്നീ പദ്ധതികള്‍ക്കും കണ്‍വന്‍ഷനില്‍ തുടക്കം കുറിച്ചു. പ്രമേഹം അമിതവണ്ണം എന്നിവയുടെ നിയന്ത്രണത്തില്‍ ഗ്ലൂക്കോസ് മോണിറ്ററിങ്ങിന്റെ പങ്ക് വിശദമാക്കുന്ന നൂറിലധികം സെഷനുകള്‍ കണ്‍വന്‍ഷനില്‍ അവതരിപ്പിച്ചു. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹത്തെക്കുറിച്ചുള്ള അറിവുകള്‍, ഹൃദയസംബന്ധമായ ഗുരുതരപ്രശ്‌നങ്ങള്‍, പ്രമേഹ നിയന്ത്രണത്തില്‍ ഉറക്കത്തിന്റെ സ്വാധീനം തുടങ്ങിയ വിഷയങ്ങളും കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്തു. സമാപനദിനമായ ഇന്നലെ (ജൂലൈ 13) നടന്ന സെഷനുകളില്‍ ഓസ്ട്രിയയിലെ ഗ്രാസ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ജൂലിയ മേഡര്‍, ഡോ. രാജീവ് ചൌള, ഡോ. ജ്യോതിദേവ് കേശവദേവ്, ഡോ. അരുണ്‍ ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ മൂന്നു ദിവസമായി എട്ട് രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഡയറ്റീഷ്യന്‍മാര്‍, അധ്യാപകര്‍ എന്നിവരുള്‍പ്പെടെ 1,700 ലധികം പ്രതിനിധികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ രോഗികള്‍ക്ക് നൂതന ചികിത്സാരീതികള്‍ ഉപയോഗിപ്പെടുത്താന്‍ കഴിയുന്നില്ലെന്ന് സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡയബറ്റോളജിസ്റ്റ് ഡോ. രാജീവ് ചൌള ചൂണ്ടിക്കാട്ടി. രാജ്യത്തെ ടൈപ്പ് 2 പ്രമേഹമുള്ള വ്യക്തികളില്‍ 60 ലക്ഷം പേര്‍ മാത്രമേ ഇന്‍സുലിന്‍ തെറാപ്പി ഉപയോഗിക്കുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. സൂചിപ്പേടി, ഗ്ലൂക്കോസ്‌നില അമിതമായി താഴ്ന്നാലുള്ള ഭവിഷ്യത്തുകള്‍ എന്നിവയും ഒട്ടേറെ രോഗികളെ ഇന്‍സുലില്‍ തെറാപ്പിയില്‍ നിന്ന് പിന്തരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ 80 ശതമാനത്തിലധികം ആളുകളിലും ഗ്ലൂക്കോസിന്റെ അളവ് 7 മില്ലിമോള്‍/ലിറ്ററിന് മുകളിലാണെന്ന് ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ സമീപകാല പഠനത്തില്‍ മൂന്നു മാസത്തെ ഗ്ലൂക്കോസ് ശരാശരി (എച്ച്ബിഎ1സി) 9% എന്ന ഉയര്‍ന്ന നിലയിലാണെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിനു ശേഷമുള്ള ഗ്ലൂക്കോസ് നില പലപ്പോഴും ശരാശരി 250 എംജി/ഡിഎലുമാണ്. ഇത് 140ല്‍ താഴെ നിലനിര്‍ത്തേണ്ടതുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഐയും ഡിജിറ്റല്‍ ഇരട്ട മോഡലുകളും ഗ്ലൂക്കോസ് ട്രാക്കിംഗിനെ കൂടുതല്‍ എളുപ്പമാക്കുമെന്നും പ്രാരംഭഘട്ട രോഗനിര്‍ണയത്തില്‍ സിജിഎമ്മിനു വളരെയധികം പങ്കുണ്ടെന്നും ഓസ്ട്രിയയിലെ ഗ്രാസ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിപ്രൊഫ. ജൂലിയ മേഡര്‍ പറഞ്ഞു.