വയനാട്: എൻഡിഎ മുന്നണി വിട്ട് യുഡിഎഫിന്റെ ഭാഗമാകാനുള്ള തീരുമാനത്തിൽ പാർട്ടി പ്രവർത്തകർ വലിയ ആവേശത്തിലാണെന്ന് സി.കെ. ജാനു. ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് യുഡിഎഫ് ആണെന്നും അവർ പറഞ്ഞു. (Experienced Severe neglect in NDA, says CK Janu)
എൻഡിഎ മുന്നണിയിൽ താൻ കടുത്ത അവഗണനയാണ് നേരിട്ടതെന്ന് സി.കെ. ജാനു തുറന്നടിച്ചു. സീറ്റ് വിഭജനത്തെക്കുറിച്ച് നിലവിൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് അവർ വ്യക്തമാക്കി. എൻ.ഡി.എ വിട്ട് യു.ഡി.എഫിന്റെ ഭാഗമാകാനുള്ള തീരുമാനം ജനാധിപത്യപരമായ ഒന്നാണെന്നും പാർട്ടി പ്രവർത്തകർ ഇതിൽ വലിയ ആവേശത്തിലാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
"ഒരു നല്ല ജനാധിപത്യ തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്. പരമാവധി ഒരുമിച്ച് കാര്യങ്ങൾ ചെയ്യുക എന്ന ലക്ഷ്യത്തിലേക്ക് വരുന്നത് വളരെ സ്വാഗതാർഹമാണ്. ആദിവാസികൾക്ക് അനുകൂലമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് എല്ലാക്കാലത്തും യു.ഡി.എഫ് തന്നെയാണ്. മുത്തങ്ങയിൽ നടന്നത് ഒരു യാഥാർത്ഥ്യമാണ്, അത് ഇല്ലെന്ന് ഞാൻ പറയുന്നില്ല. എന്നാൽ അതിനുശേഷം ഈ ആളുകളെ പരിഗണിക്കാനും അവർക്ക് വേണ്ട ഇടപെടലുകൾ നടത്താനും തയ്യാറായത് അതേ ഗവൺമെന്റ് തന്നെയാണ്," അവർ കൂട്ടിച്ചേർത്തു.
പി.വി. അൻവറിനെയും സി.കെ. ജാനുവിനെയും യുഡിഎഫിന്റെ അസോസിയേറ്റ് അംഗങ്ങളാക്കാൻ മുന്നണി യോഗത്തിൽ തീരുമാനമായി. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് തങ്ങളുടെ അടിത്തറ വിപുലീകരിക്കുകയാണ്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ യുഡിഎഫ് സജീവമാക്കി. സീറ്റ് വിഭജനം ഉൾപ്പെടെയുള്ള സുപ്രധാന നടപടികൾ ജനുവരിയിൽ തന്നെ പൂർത്തിയാക്കാൻ കൊച്ചിയിൽ ചേർന്ന മുന്നണി യോഗത്തിൽ തീരുമാനമായി. പി.വി. അൻവറിനെയും സി.കെ. ജാനുവിനെയും മുന്നണിയുടെ അസോസിയേറ്റ് അംഗങ്ങളാക്കാനും യോഗം ഔദ്യോഗികമായി ധാരണയിലെത്തി.
കേരള കോൺഗ്രസ് എം ആദ്യം തങ്ങളുടെ നിലപാട് വ്യക്തമാക്കട്ടെയെന്ന് യുഡിഎഫ് യോഗം തീരുമാനിച്ചു. അങ്ങോട്ട് പോയി ചർച്ച നടത്തേണ്ടതില്ലെന്ന കർശന നിലപാടാണ് മുന്നണി സ്വീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നേരത്തെ തുടങ്ങുന്നതിന്റെ ഭാഗമായി സീറ്റ് വിഭജന ചർച്ചകൾ ജനുവരിയിൽ തന്നെ അവസാനിപ്പിക്കും. ഘടകകക്ഷികൾക്കിടയിൽ തർക്കങ്ങൾ ഒഴിവാക്കി ഒറ്റക്കെട്ടായി നീങ്ങാനാണ് ലക്ഷ്യമിടുന്നത്.