ഗ്രാമീണ മേഖലയിലെ വായ്പാ വിതരണത്തിന് ആക്കംകൂട്ടാൻ 'എക്സ്പീരിയൻ ഗ്രാമീൺ സ്കോർ'

ഗ്രാമീണ മേഖലയിലെ വായ്പാ വിതരണത്തിന് ആക്കംകൂട്ടാൻ 'എക്സ്പീരിയൻ ഗ്രാമീൺ സ്കോർ'
Published on

കൊച്ചി: ഗ്രാമീണ മേഖലയിലെ സംരംഭങ്ങൾക്കും സ്വയം സഹായ സംഘങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കും കാര്യക്ഷമമായി വായ്പകൾ ലഭിക്കുന്നതിന് 'എക്സ്പീരിയൻ ഗ്രാമീൺ സ്കോർ' സംവിധാനം അവതരിപ്പിച്ചു. രാജ്യത്തെ പ്രമുഖ ക്രെഡിറ്റ് ബ്യൂറോ ആയ എക്സ്പീരിയൻ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയാണ് പുതിയ സ്കോറിംഗ് സംവിധാനം അവതരിപ്പിച്ചത്. ഗ്രാമീണ ഉപഭോക്താക്കളുടെ സാമ്പത്തിക ശേഷി കൃത്യമായി വിലയിരുത്താൻ വായ്പാ സ്ഥാപനങ്ങളെ സഹായിക്കുന്നതാണ് പുതിയ സംവിധാനം. രാജ്യത്തെ എല്ലാവിഭാഗം ആളുകളെയും സാമ്പത്തിക സേവനങ്ങളിൽ ഉൾപ്പെടുത്തുകയെന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ഗ്രാമീൺ ക്രെഡിറ്റ് സ്കോറിംഗ് സംവിധാനത്തെക്കുറിച്ച് പരാമർശിച്ചിരുന്നു.

ആർബിഐയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് ഗ്രാമീണ ജനതയുടെ ക്രെഡിറ്റ് സ്കോറിംഗ് വിലയിരുത്തുക. നഗരങ്ങളിലെ ക്രെഡിറ്റ് സ്കോർ മാനദണ്ഡങ്ങൾ ഗ്രാമീണ സാഹചര്യങ്ങളിൽ പലപ്പോഴും പ്രായോഗികമല്ല. തിരിച്ചടവ് കൃത്യമായ നടത്തിയാലും ക്രെഡിറ്റ് സ്കോറിംഗിലെ സാങ്കേതിക പ്രശ്നങ്ങൾമൂലം വായ്പകൾ നേടുന്നതിന് ഗ്രാമീണ ജനതയ്ക്ക് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമായാണ് എക്സ്പീരിയൻ ഗ്രാമീൺ സ്കോർ അവതരിപ്പിച്ചത്. 300 മുതൽ 900 വരെയുള്ള ക്രെഡിറ്റ് സ്കോർ പരിധിക്കുള്ളിൽ വ്യക്തികൾക്കു പുറമെ, സ്ത്രീ സംരംഭകർ, സ്ഥാപനങ്ങൾ, സ്വയം സഹായ സംഘങ്ങൾ എന്നിവയെ തരംതിരിക്കുകയും അനുയോജ്യമായ വായ്പാ സൗകര്യം അനുവദിക്കുകയും ചെയ്യും. ഇന്ത്യയുടെ ഗ്രാമീണ മേഖലയിൽ ആത്മവിശ്വാസത്തോടെ വായ്പകൾ വിതരണം ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങളെ സജ്ജരാക്കുകയാണ് പുതിയ ക്രെഡിറ്റ് സ്കോറിംഗ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എക്സ്പീരിയൻ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി ചെയർമാൻ മനീഷ് ജെയിൻ പറഞ്ഞു. ഗ്രാമീണ ജനതയുടെ തിരിച്ചടവ് ശേഷിയെ അടിസ്ഥാനപ്പെടുത്തി, സുതാര്യമായ വായ്പാ വിതരണ ശൃംഖല രൂപപ്പെടുത്തുന്നതിലൂടെ സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്ക് പ്രോത്സാഹനം നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related Stories

No stories found.
Times Kerala
timeskerala.com