
കൊല്ലം: കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി ഓച്ചിറ മേമന ദേശത്ത് മനീഷ് ഭവനത്തിൽ മനീഷ് എന്ന മോളി (27), ഓച്ചിറ മേമന ദേശത്ത് ഇടയിലെ വീട്ടിൽ അഖിൽ കുമാർ (31) എന്നിവരാണ് പിടിയിലായത്. വീട്ടുമുറ്റത്ത് വളർത്തിയ 38 കഞ്ചാവ് ചെടികളും കൈവശം സൂക്ഷിച്ച 10.549 കിലോഗ്രാം കഞ്ചാവുമായാണ് പ്രതികളെ പിടികൂടിയത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻറ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജു.എസ്.എസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അഖിൽ കുമാറിന്റെ വീട്ടുമുറ്റത്ത് ചട്ടിയിൽ വളർത്തിയ ഒമ്പത് കഞ്ചാവ് ചെടികളും സമീപം വളർത്തിയ 29 കഞ്ചാവ് ചെടികളും കണ്ടെടുത്തു. വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ പാഴ്സലുകൾ ആക്കിയ നിലയിൽ പത്തരകിലോയോളം കഞ്ചാവും പിടികൂടി.