സംവിധായകർ കഞ്ചാവടിച്ചത് ഛായാഗ്രാഹകന്റെ അറിവോടെ; സമീർ താഹിറിനെയും പ്രതി ചേർത്ത് എക്സൈസ് കുറ്റപത്രം സമർപ്പിച്ചു | Hybrid Ganja Case

എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ മുഹമ്മദ് ഹാരിസ് കുറ്റപത്രം സമർപ്പിച്ചത്.
Hybrid Ganja Case
Published on

കൊച്ചി: യുവ സംവിധായകരും സിനിമാ പ്രവർത്തകരും ഉൾപ്പെട്ട ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് കുറ്റപത്രം സമർപ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, ഛായാഗ്രാഹകൻ സമീർ താഹിർ, ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെ പ്രതികളാക്കിയാണ് എറണാകുളം എക്സൈസ് ഡിവിഷൻ കുറ്റപത്രം സമർപ്പിച്ചത്. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ മുഹമ്മദ് ഹാരിസ് കുറ്റപത്രം സമർപ്പിച്ചത്.

പ്രതികൾക്കെതിരെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് നിയമത്തിലെ 20(b)(ii)(A) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചെറിയ അളവിലുള്ള കഞ്ചാവ് കൈവശം വെച്ചതിനാണ് ഈ വകുപ്പ്. ഈ കേസിൽ പരമാവധി ഒരു വർഷം കഠിന തടവോ, 10,000 രൂപ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.

കൊച്ചി ഗോശ്രീ പാലത്തിനു സമീപമുള്ള സമീർ താഹിറിന്റെ ഫ്‌ളാറ്റിൽ നിന്ന് ഏപ്രിലിലാണ് ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും അറസ്റ്റിലായത്. പുലർച്ചെ രണ്ടു മണിയോടെ എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംവിധായകരടക്കം മൂന്നു പേർ പിടിയിലായത്. ഇവരിൽ നിന്ന് 1.6 ഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. പിടികൂടിയ കഞ്ചാവ് അളവിൽ കുറവായതിനാൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ പിന്നീട് വിട്ടയച്ചു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന. കഞ്ചാവ് ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരെയും പിടികൂടിയത്. പിടിയിലായവർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്നും എക്‌സൈസ് അറിയിച്ചിരുന്നു. തൃശൂർ സ്വദേശിയുടെ ഫ്ലാറ്റിലാണ് സമീർ താഹിർ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവിടെ വച്ചായിരുന്നു സംഭവം.

Related Stories

No stories found.
Times Kerala
timeskerala.com